ഗ്ലേഷർ അഡ്വെഞ്ചർ ...!

150_square_d9082a2fc3604b5863a18fcc28026c27.jpg

 

ലോകത്തിന്റെ പല ഭാഗങ്ങളിലായി പലതരം കാഴ്ചകൾ  നമ്മെ വിസ്മയഭരിതരാക്കുന്നു. അത്തരം ഒരു കാഴ്ചയിലേക്കായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര. കനേഡിയൻ റോക്കീസിലൂടെ ഒരു സാഹസിക യാത്ര - ഗ്ലേഷർ അഡ്വെഞ്ചർ ...!

കനേഡിയൻ റോക്കീസിൽ സ്ഥിതി ചെയ്യുന്ന കൊളംബിയ ഐസ് ഫീൽഡ്,  വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തെ വിഭജിക്കുന്നു. ഈ ഐസ്ഫീൽഡിന്റെ ഒരു ഭാഗം വടക്കു കിഴക്കൻ മുനമ്പായ ബൻഫ് നാഷണൽ പാർക്കിലും തെക്കേ ഭാഗം ജാസ്പർ നാഷണൽ പാർക്കിലുമാണ്. 325 കിലോമീറ്റർ പരന്നു കിടക്കുന്ന ഇതിന്റെ ആഴം 1197 അടിയോളമാണ് . കൂടാതെ വർഷം തോറും 7 മീറ്റർ മഞ്ഞു ലഭിക്കുകയും ചെയ്യുന്നു. ഈ ഹിമപരപ്പിൽ  8 ഗ്ലേഷറുകൾ അഥവാ ഹിമാനികൾ അടങ്ങിയിരിക്കുന്നു. കനേഡിയൻ റോക്കീസിലെ ഏറ്റവും വലിയ ഹിമഭൂമിയാണ് കൊളംബിയ ഐസ് ഫീൽഡ്.

ജാസ്പർ നാഷണൽ പാർക്കിലെ അതഭാസ്ക്ക ഗ്ലേഷറിലേക്കായിരുന്നു ഞങ്ങൾ പോയത്.  ടൂർ ഓപ്പറേറ്റർ നിർദ്ദേശിച്ച പ്രകാരം, വെസ്റ്റ് എഡ്മൺഡൻ മാളിന് അടുത്തുള്ള ഫാന്റസിലാൻഡ് ഹോട്ടലിൽ എത്തുമ്പോൾ ബസ് പുറപ്പെടാൻ ഏകദേശം ഇരുപത് മിനിറ്റ് കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഞങ്ങളൊഴികെ മറ്റാരെയും അവിടെ കാണാഞ്ഞത് കൊണ്ട് സ്ഥലം തെറ്റിയോ എന്നൊക്കെ ആകെ സംശയവുമായി. ടെൻഷൻ പിടിക്കാൻ സുനീത് ഉള്ളതു കൊണ്ട്, ഞാനും മോളും ഫാന്റസി ലാൻഡ് ഹോട്ടലിന്റെ പ്രത്യേകതയും അന്വേഷിച്ചു പോയി. ഹോട്ടലിന്റെ ലോബിയുടെ ഒരു വശത്തൂടെ  വെസ്റ്റ് എഡ്മണ്ഡാൻ മാളിലേക്ക് നൂണ്ടു കേറാനുള്ള വഴിയുണ്ടെന്ന് കണ്ടുപിടിച്ചു വന്നപ്പോഴേക്കും ടെൻഷനടിച്ചു ഒരു പരുവമായ സുനീതിന്റെ വിളി വന്നു. .."ബസ് പുറപ്പെടാൻ പോണൂ, വേം വാ..." ന്ന് .... 

ഓടിപ്പിടിച്ചു വന്നപ്പോൾ കണ്ടതോ, ഒരു മിനി ബസിൽ കേറാൻ പത്തു പതിനഞ്ചു പേർ ക്യൂ നില്ക്കുന്നു. സുനീത് ഞങ്ങളുടെ ബാഗുകൾ ഡിക്കിയിൽ വെക്കാനുള്ള ക്യൂവിൽ നിന്ന് ബാഗുകളെ ഭദ്രമാക്കി വെച്ച് തിരിച്ചു വന്നു. ആകെ പതിനഞ്ചോളം യാത്രക്കാർ. എല്ലാവരും കേറിക്കഴിഞ്ഞപ്പോൾ, ഞങ്ങളുടെ ഡ്രൈവറും കേറി. 

"എന്റെ പേര്  മോണിക്ക, നിങ്ങളെ സുരക്ഷിതമായി ജാസ്പറിൽ എത്തിക്കാനുള്ള ചുമതല എനിക്കാണ്. അതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഇപ്പോൾ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മണി . വൈകുന്നേരം അഞ്ചര മണിയോടെ നമ്മൾ ജാസ്പറിൽ എത്തിച്ചേരുന്നതാണ്. ..." പുഞ്ചിരിയോടെ മോണിക്ക സ്വയം പരിചയപ്പെടുത്തി. പിന്നെ, തന്റെ കൈയിലുള്ള ലിസ്റ്റ് നോക്കി ഓരോരുത്തരുടെയും പേരു വിളിച്ച് എല്ലാവരും ഉണ്ടെന്ന് ഉറപ്പു വരുത്തി.  

 ആൽബർട്ടയിലെ എഡ്മൻഡണിൽ നിന്നും ജാസ്പറിന്റെ താഴ്വരയിലേക്ക് അഞ്ചു മണിക്കൂർ നീണ്ട ബസ് യാത്ര... ആകെ പതിനഞ്ചു യാത്രക്കാരും... എല്ലാവരും ജാസ്പറിന്റെ മാസ്മരിക സൗന്ദര്യത്തിലേക്ക് ആകർഷിക്കപ്പെട്ട് യാത്ര തിരിച്ചവർ ... പല ഋതുക്കളിലായി അനേകം തവണ ജാസ്പർ സന്ദർശിട്ടുള്ള മിഷെലും കൂട്ടുകാരൻ പീറ്ററും ഒഴികെ ബാക്കിയെല്ലാവരും ആദ്യമായി പോകുന്നവർ.... മിഷേലിന്റെ വർണനകളിലേക്ക് കാത് കൂർപ്പിക്കുമ്പോൾ 'കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾക്കണോ ...? " എന്ന ഭാവമായിരുന്നു എന്റെ അടുത്ത സീറ്റിൽ ഇരുന്ന ഗുജറാത്തിയായ ശ്വേതയ്ക്ക്... അതിനാലാവണം കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ആലൂ ബുജിയ എടുത്ത് കൊറിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് എനിക്ക് നേരെയും നീട്ടിയത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് സൗഹൃദത്തിന്റെ ഇടനാഴിയിൽ വെച്ച് ആലൂ ബുജിയ എന്റെ കൈയിലും എത്തി. അപ്പോഴേക്കും വെജിറ്റബിൾ കട്ലറ്റിലൂടെ മുൻ സീറ്റിലിരുന്ന ചൈനക്കാരിയും എന്റെ മോൾ സ്നേഹയും സൗഹൃദത്തിലായി കഴിഞ്ഞിരുന്നു. 

 ഇടയ്ക്കൊരു  ഇടത്താവളത്തിൽ ഞങ്ങളുടെ ബസ് നിർത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്ന  യാത്രക്കാരിൽ അപരിചിതത്വത്തിന്റെ മഞ്ഞുരുകി സൗഹൃദത്തിന്റെ ഊഷ്മളത പൂത്തുലഞ്ഞു. വഴിയോരത്തെ ടിംസിൽ കേറുമ്പോൾ എല്ലാവർക്കും ആദ്യം പോകേണ്ടിയിരുന്നത് മൂത്രപ്പുരയിലേക്കായിരുന്നു. വരിയുടെ അറ്റത്തു പോയി നിന്ന് മൂത്രമൊഴിച്ചു പുറത്തു വന്നപ്പോൾ, ഓർഡർ ചെയ്ത കോഫിയും ബേഗലുമായി സുനീത് കാത്തു നിന്നിരുന്നു. പതിനഞ്ചു നിമിഷത്തിനുള്ളിൽ ഇടവേള കഴിഞ്ഞ് ഞങ്ങളുടെ ബസ് വീണ്ടും പ്രയാണം തുടങ്ങി. 

മൈലുകൾ നീണ്ടു പോകുന്ന ഹൈവേയിലൂടെ കുതിച്ചു പായുകയാണ് ഞങ്ങളുടെ ബസ്. കയറ്റവും ഇറക്കവുമായി വളഞ്ഞു പുളഞ്ഞു പോകുന്ന പാത... ഇരുവശത്തും വിവിധയിനം മരങ്ങൾ തിങ്ങി നിറഞ്ഞു നില്ക്കുന്നു.... വഴിയോരക്കാഴ്ചകളിലേക്ക് കണ്ണും മനസ്സും നട്ടിരിക്കുമ്പോൾ എന്തിനെന്നറിയാതെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു... കണ്ണുകൾ നിറഞ്ഞിരുന്നു... 

ഓർമ്മകൾ നാട്ടിലെ യാത്രകളിലെ ദുരിതങ്ങളിലേക്ക്പറന്നു. അവസാനം നടത്തിയ കൊടൈക്കനാൽ യാത്ര അമ്മയും സഹോദരങ്ങളും എല്ലാം ചേർന്നായിരുന്നു. ഇടയ്ക്ക് ഒന്നു മൂത്രമൊഴിക്കാൻ പല ഹോട്ടലുകൾ കയറിയിറങ്ങേണ്ടി വന്നു. വൃത്തികേടാക്കിയിട്ടിരിക്കുന്ന ബാത്ത്റൂമുകളിൽ ഒന്നിൽ കേറിയ പാടെ മോൾ ഇറങ്ങിപ്പോന്നു, പുറത്തു വന്ന് ഛർദ്ദിക്കാൻ തുടങ്ങി. അങ്ങിനെ മൂന്നാമത്തെയോ നാലാമത്തെയോ ഹോട്ടലിൽ ആണ് സ്ത്രീകളും പ്രായമായ അമ്മയും കുഞ്ഞുങ്ങളും ഉണ്ടായിരുന്ന യാത്രാസംഘത്തിന് മൂക്കു പൊത്തിയെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ കഴിഞ്ഞത്. 

എന്നെങ്കിലും, നമ്മുടെ നാടും സ്ത്രീകളോടും കുട്ടികളോടും കരുണ കാണിക്കുമെന്നും മൂക്കു പൊത്താതെ , പിടിച്ചു വെക്കാതെ യാത്രയിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള 'കംഫർട്ട് സ്റ്റേഷനുകൾ ' ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കാം അല്ലേ...?

അര മണിക്കൂറിനുള്ളിൽ നമ്മൾ ജാസ്പറിന്റെ താഴ്വാരത്തിലെത്തുമെന്ന് മോണിക്കയുടെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയപ്പോൾ യാത്രക്കാരെല്ലാം ഒന്നുഷാറായി. പല പല റിസോട്ടുകളിലും ഹോട്ടലുകളിലുമായി കൂടെയുണ്ടായിരുന്നവരൊക്കെ യാത്ര പറഞ്ഞു പിരിഞ്ഞു. അവസാനമായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്ത 'സോ റിഡ്ജ് ഇൻ' . മുറിയിൽ കയറിയ ഉടനെ ക്യാമറയുമായി മോൾ ബാൽക്കണിയിലേക്കു പോയി.  ജനൽക്കർട്ടനപ്പുറം ദൂരെ മഞ്ഞണിഞ്ഞ മാമലകൾ.... ആകാശം താഴ്ന്നിറങ്ങി വന്ന് അവയോട് കിന്നാരം പറയുന്നു.... വെൺമേഘങ്ങൾ പുഞ്ചിരി തൂവി മെല്ലെയൊഴുകുന്നു... ഒരു പ്രണയ കവിതയിലെ നായികയായി അവയ്ക്കൊപ്പം എന്റെ മനസ്സും ഒഴുകി നടന്നു...

അധികം വൈകാതെ ജാസ്പറിന്റെ ഇളം വെയിലിലേക്ക് ഞങ്ങളിറങ്ങി നടന്നു. ടൊറന്റോയിലെപ്പോലെ ഇവിടെ കാറ്റില്ലാത്തതിനാൽ സുഖമുള്ള ചെറിയ കുളിര്. പാതയ്ക്കപ്പുറത്ത് കാനഡയുടെ 'വിയ റെയിലിന്റെ' പച്ച ബോഗികൾ പ്രകൃതിയുടെ താളത്തിനൊത്ത് ശബ്ദമില്ലാതെ മെല്ലെ കടന്നു പോകുന്നുണ്ട്. അതിനപ്പുറവും മലനിരകളാണ്. നീല മലകൾ അരഞ്ഞാണം പോലെ ജാസ്പർ താഴ്വരയെ ചുറ്റിക്കിടക്കുന്നു. വേനൽക്കാലത്ത് വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ടെങ്കിലും തെരുവോരങ്ങൾ ബഹളമില്ലാതെ ശാന്തമായിരിക്കുന്നു. അധികം കടകളോ ഒന്നുമില്ല. ജിമ്മിന്റെ കടയിൽ നിന്നും ഒരു പിസ്സയും വാങ്ങി മുറിയിൽ തിരിച്ചെത്തിയപ്പോഴേക്കും ഇരുട്ടു വീണ് മാമലകൾ കാഴ്ചക്കപ്പുറത്തായി...

രാവിലെ കൊളംബിയ ഐസ് ഫീൽഡിലേക്ക് പോകാനുള്ളതിനാൽ രാത്രിയിൽ പതിവുള്ള പുസ്തകവായനയെ അധികം നീട്ടിക്കൊണ്ടു പോയില്ല. ഐസ്ഫീൽഡ് എങ്ങനെയായിരിക്കുമെന്ന് വായിച്ചും ഇൻറർനെറ്റിൽ പരതിയും കിട്ടിയ വിവരങ്ങൾ സുനീതും മോളും ചർച്ച ചെയ്യുമ്പോൾ , ഞാൻ സാന്തയുടെ ഹിമശകടത്തിൽ കേറി കൊളംബിയ ഐസ്ഫീൽഡിലൂടെ  തെന്നിനീങ്ങി ഉറക്കത്തിലെത്തിയിരുന്നു... !!

ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും രാവിലെ ആറര മണിക്ക് ജാസ്പറിലെ  കൊളംബിയ ഐസ് ഫീൽഡിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ടൂർ ഓപ്പറേറ്ററുടെ വക ഒരു ചെറിയ ജീപ്പാണ് എത്തിയത്. ജാക്കായിരുന്നു, ഞങ്ങളുടെ  ഡ്രൈവർ കം ഗൈഡ്.  സ്വയം പരിചയപ്പെടുത്തി ഞങ്ങളെയും പരിചയപ്പെടുന്നതിനിടയിൽ ഞങ്ങളെ കൂടാതെ അടുത്തൊരു ഹോട്ടലിൽ നിന്നും ദമ്പതികളായ ഡാനിയേലും ജെന്നിയും കൂടിയുണ്ടാകുമെന്ന് ഞങ്ങളെ അറിയിച്ചു. ബുദ്ധിമുട്ടിന്‌ ക്ഷമാപണവുമായി തൊട്ടടുത്തു തന്നെയുള്ള ഹോട്ടലിൽ പോയി അവരെയും കൂട്ടി, ആ കുഞ്ഞുവണ്ടി മഞ്ഞുപാടങ്ങൾ  ലക്ഷ്യമാക്കി ഓടാൻ തുടങ്ങി...

വേനൽക്കാലമായിരുന്നെങ്കിലും മഞ്ഞണിഞ്ഞ മാമലകൾക്ക് നടുവിലൂടെയായിരുന്നു യാത്ര. മഞ്ഞുരുകി ഒഴുകിവരുന്ന ചാലുകൾ മലകളിലെമ്പാടും കാണാമായിരുന്നു. വേനൽ കഠിനമാകുമ്പോൾ നദികൾ നിറഞ്ഞൊഴുകുമത്രേ.... കഠിനമായ വേനൽ എന്നാൽ 20 - 25 ഡിഗ്രി ഒക്കെയാണ് ... ചിലയിടങ്ങളിൽ ചാലുകൾ , അരുവികളായി ഒഴുകുന്നുണ്ട്.

ഇപ്പോൾ ഹഡ്സൺ ബേ കമ്പനി എന്ന പേരിൽ അറിയപ്പെടുന്ന നോർത്ത് വെസ്റ്റ് കമ്പനിയിലെ 'Jasper Hawes' ന്റെ പേരാണ് ഈ സ്ഥലത്തിന് നല്കപ്പെട്ടിരിക്കുന്നത്. 1907-ൽ ജാസ്പർ ഫോറസ്ററ് പാർക്ക് സ്ഥാപിതമായെങ്കിലും 1930 - ലാണ് ജാസ്പർ ഫോറസ്ററ് പാർക്കിന് 'നാഷണൽ പാർക്ക്' പദവി ലഭിക്കുന്നത്.  2013-ലെ കണക്കു പ്രകാരം ഏകദേശം ഇരുപതുലക്ഷം പേരാണ് ആ വർഷം ജാസ്പർ സന്ദർശിച്ചത്. Edith Cavell, Pyramid Mountain, Maligne Lake, Medicine lake , Tonquin valley തുടങ്ങിയവയും ജാസ്പറിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്.

പടിഞ്ഞാറൻ മലനിരകളിലെ മഞ്ഞിന്റെ കട്ടികൂടിയ ആവരണമാണ് കൊളംബിയ മഞ്ഞുപാടങ്ങൾ. കനേഡിയൻ റോക്കീസിലെ ഏറ്റവും വലിയ ഹിമഭൂമിയാണിത്. കാനഡയിലെ മറ്റൊരു പ്രോവിൻസായ ബ്രിട്ടീഷ് കൊളംബിയയുടെ അകത്തളങ്ങളിൽ നിന്നും പസഫിക് കാറ്റ് കടത്തിക്കൊണ്ടു വരുന്ന നീർമുത്തുകളെ  കൊളംബിയ മഞ്ഞുപാടങ്ങൾക്കു ചുറ്റുമുള്ള പർവ്വതശിഖരങ്ങൾ തട്ടിയെടുത്ത് മഞ്ഞായി പൊഴിക്കുന്നു. വർഷംതോറും ഏഴു മീറ്ററോളം മഞ്ഞാണ് ഇങ്ങിനെ വീഴുന്നത്. ചെറിയ വേനല്ക്കാലത്തിൽ   ഉരുകിത്തീരാൻ കഴിയാതെ ഈ മഞ്ഞെല്ലാം അവിടെ കിടക്കും.  അങ്ങനെ ശേഖരിക്കപ്പെടുന്ന മഞ്ഞിന് മീതെ അടുത്തത് വീഴും. ചില വേനൽക്കാലത്ത് മഞ്ഞുപാളികൾ അടർന്ന് മലനിരകൾക്കിടയിലൂടെ വെളിയിലേക്കൊഴുകുന്നു. ഇവ ഹിമാനികൾ അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നു.

ഉത്തരയമേരിക്കയിൽ സന്ദർശകബാഹുല്യത്തിൽ മുന്നിലാണ് അതബാസ്‌ക്ക ഗ്ലേഷ്യർ. കൊളംബിയ മഞ്ഞുപാടങ്ങളിൽ നിന്നും തുള്ളിത്തുളുമ്പി അടിത്തട്ടിലെത്തുന്ന ഗ്ലേഷ്യർ, തൂവെള്ള ചേലയുടുത്ത  ഒരു നവോഢയെപ്പോലെ കുണുങ്ങിക്കുണുങ്ങിയാണ് ഒഴുകുന്നത്. എന്നാൽ, ആഗോളതാപനത്തിന്റെ ഫലമായി അവളുടെ ചേലയുടെ വക്കും അരികുമൊക്കെ പിഞ്ഞിത്തുടങ്ങിയിരിക്കുന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം കീറിപ്പറിഞ്ഞ പോലെ ഉരുകിത്തീർന്നിരിക്കുന്നു... !

83c3692802b58db0f1e14ea1f6e36aa6.jpg

 

അടുത്തെവിടെയോനിന്ന് വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കുന്നുണ്ടെന്ന് മോൾ കാതുകൂർപ്പിച്ചു. പിന്നെ, അതിലേക്ക് ജാക്കിന്റെ ശ്രദ്ധ ക്ഷണിച്ചു. ഉവ്വ്, സംഗതി സത്യമാണ്. അതബാസ്‌ക്ക വെള്ളച്ചാട്ടമായിരുന്നത്. ജാക്ക് , വണ്ടി അതിനടുത്തേക്കു വിട്ടു.  വെള്ളച്ചാട്ടത്തിനടുത്തേക്ക് കാട്ടിലൂടെ ഒരു കാൽപ്പാതയുണ്ട്. അടുത്തുനിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സുരക്ഷിതമായ ഇടങ്ങളും കെട്ടിത്തിരിച്ചിട്ടുണ്ട്.  പാൽനുര പോലെ പതഞ്ഞു പതഞ്ഞു വീഴുന്ന ഹൃദയം കവരുന്ന മനോഹരകാഴ്ചയിൽ മറന്നുനിന്നപ്പോൾ ജാക്ക് സമയം ഓർമ്മിപ്പിച്ചു. പാർക്കിംഗ് ലോട്ടിലെ മൂത്രപ്പുരയിലും പോയി വന്നപ്പോൾ , മനസ്സിലെ ഉന്മേഷം ശരീരത്തിലും പടർന്നു... അധികം വൈകാതെ ജാക്ക്, ഞങ്ങളെയും കൊണ്ട് യാത്ര തുടർന്നു.

ഗ്ലേഷ്യറിന്റെ താഴ്വാരത്തുള്ള ഡിസ്‌കവറി സെന്ററിൽ ഞങ്ങൾ എത്തുമ്പോൾ ഏതാണ്ട് എട്ടര മണിയായി. അവിടെയുള്ള ഫുഡ് കോർട്ടിൽ നിന്ന് പ്രാതലും കഴിച്ചുവന്ന ഞങ്ങളെ ഒരു ഗൈഡ് അകത്തേക്കു കൂട്ടിക്കൊണ്ടുപോവുകയും ബസിൽ കേറാനുള്ള ലൈനിൽ നിർത്തുകയും ചെയ്തു. ആ കുഴലിലൂടെ നടക്കുമ്പോൾ ഒരു പെരുമ്പാമ്പിന്റെ വയറ്റിലൂടെ പോകുന്ന പോലെ തോന്നി. പുറത്തെത്തിയ ഞങ്ങൾ കണ്ടത് നിരനിരയായിക്കിടക്കുന്ന കുറെ ബസുകളാണ്‌. യാത്രക്കാർ, നിരയായി ഒരു ബസിൽ കയറുകയും അത് നിറഞ്ഞു കഴിയുമ്പോൾ അടുത്ത ബസിൽ കയറുകയും ചെയ്തു കൊണ്ടിരുന്നു. അതോടൊപ്പം, ബസുകൾ പോവുകയും വരികയും ചെയ്യുന്നുമുണ്ട്. അത്രയേറെ ആളുകൾ യാത്രയ്ക്കായി അവിടെ ഉണ്ടായിരുന്നെങ്കിലും ഒരു തരത്തിലുമുള്ള തിരക്കോ ബഹളമോ ഇല്ലായിരുന്നു.  ഡിസ്ക്കവറി സെന്ററിൽ നിന്നു, ' ഐസ് എക്‌സ്‌പ്ലോറർ' എന്ന പ്രത്യേകവാഹനത്തിൽ കേറാനായി അടിവാരംവരെ എത്തിക്കാനുള്ളതാണ് ഈ ബസുകൾ. ഹിമപ്പരപ്പുകളിൽ ഓടിക്കാനുള്ള സംവിധാനങ്ങൾ ഉള്ളതാണ് 'ഐസ് എക്‌സ്‌പ്ലോറർ'. ഇതിന്റെ ഭീമമായ ടയറുകൾ ഐസിൽ സുരക്ഷിതമായ യാത്രയ്ക്കു സഹായിക്കുന്നു. ഏകദേശം അമ്പതുപേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്നതാണ് 'ഐസ് എക്‌സ്‌പ്ലോറർ'. അടിവാരത്തിലെത്തിയ ഞങ്ങളെക്കാത്ത് ഒരു 'ഐസ് എക്‌സ്‌പ്ലോറർ ' കിടപ്പുണ്ടായിരുന്നു. വരിവരിയായി യാത്രക്കാരെല്ലാം കേറിക്കഴിഞ്ഞപ്പോൾ ഡ്രൈവറായ ലൂയീസും ഗൈഡ് കാരലിനും സ്വയം പരിചയപ്പെടുത്തുകയും യാത്രയെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. 


വേനൽക്കാലത്തിന്റെ അവസാനത്തിലെ ഓഗസ്റ്റിലായിരുന്നു ഞങ്ങളുടെ യാത്ര. സൂര്യപ്രകാശം തട്ടി തിളങ്ങുന്ന മലയടിവാരങ്ങളിൽ നിന്നും ഉയർന്നുപൊങ്ങുന്ന മഞ്ഞിൻപടലങ്ങൾ ആകാശത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കള്ളനും പോലീസും കളിക്കുന്നു..... കാഴ്ചകൾ കണ്ടങ്ങനെയിരിക്കുമ്പോൾ, ലൂയിസിന്റെ ശബ്ദം മൈക്കിലൂടെ മുഴങ്ങി, "എല്ലാവരും ഇടതുവശത്തേക്കു ശ്രദ്ധിക്കുക. അവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള കോണിഫറസ്‌ മരങ്ങളും പൈൻ മരങ്ങളും കാണാം. അവയുടെ കമ്പുകളും ഇലകളും ഒരു വശത്തേക്കു മാത്രം വളരുന്നു. സ്ഥിരമായി കാറ്റടിച്ചും മഞ്ഞുവീണും അവ അങ്ങനെയായി മാറിയതാണ്." ഞങ്ങളുടെ ഇരിപ്പിടം വലതുവശത്തായിപ്പോയതിനാൽ ഇടതുവശത്തെ ജനൽചതുരം നൽകിയ കാഴ്‌ചകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അപ്പോഴേക്കും അടുത്ത   അറിയിപ്പെത്തി, " നമ്മൾ , ഗ്ലേഷ്യറിലേക്ക് പ്രവേശിക്കാൻ പോവുകയാണ്, അതിനു മുൻപായി ടയറുകൾ വൃത്തിയാക്കാനായി ഒരു ചെറിയ അരുവിയിലേക്ക് ഇറങ്ങുകയാണ് നമ്മൾ...." പെട്ടന്ന്, ബസിനകം നിശബ്ദമായി. എല്ലാവരും ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ച പോലെ.... ബസ്, മെല്ലെ അരുവിയിൽ ഇറങ്ങിക്കയറി, കടന്നുവന്ന പാതകളിലെ അഴുക്കുകൾ കഴുകിക്കളഞ്ഞ് ഗ്ലേഷ്യറിലേക്കു പ്രവേശിച്ചു. ഇനിയുള്ള യാത്ര, ഗ്ലേഷ്യറിനു മുകളിലൂടെയാണ്... 

f2d5e35cb9f6ca568243db1bf8808899.jpg

 

ഐസ് എക്‌സ്‌പ്ലോറർ മെല്ലെയുരുളുകയാണ്. ചുറ്റും ഹിമപ്പരപ്പുമാത്രം. ഏതോ സ്വപ്നലോകത്തിലെന്നപോലെ ഒഴുകിപ്പോയി നിരപ്പായ ഒരിടത്ത് വണ്ടി നിറുത്തുമ്പോൾ, "അരമണിക്കൂർ സമയമുണ്ട്. അധികദൂരം പോകരുത്. അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശത്തിനു പുറത്തുപോകരുത്...." എന്നൊക്കെ ലൂയീസ് എല്ലാവർക്കും ചില മുന്നറിയിപ്പുകൾ  നൽകി.

മെല്ലെ ഗ്ലേഷ്യറിലേക്ക്.... ആയിരക്കണക്കിനു വർഷങ്ങളിൽ ശേഖരിക്കപ്പെട്ടിട്ടുള്ള മഞ്ഞുപാളികളുടെ  മുകളിലൂടെയാണ് നടക്കുന്നതെന്ന ഓർമ്മയിൽ ദേഹമാകെ ഒരു തരിപ്പ് പടർന്നു കയറി. ശൈത്യത്താൽ ഉറച്ചതെങ്കിലും എപ്പോൾ വേണമെങ്കിലും വിള്ളലുകൾ ഉണ്ടാകാമെന്ന അറിയിപ്പുകൾ പലയിടത്തും കണ്ടിരുന്നെങ്കിലും ഹിമപരപ്പിന്റെ  മാസ്മരികത, അതെല്ലാം പിന്നിൽത്തള്ളി മുന്നോട്ടു നടക്കാൻ മോഹിപ്പിച്ചു.....  ആ ഭാഗങ്ങളിലൂടെ വേലികെട്ടിത്തിരിച്ചിരിക്കുന്നിടം വരെ നടന്നു.... അവിടെ, മഞ്ഞുരുകി  ഒഴുകിവരുന്ന ഒരു ചാലിൽ നിന്ന് ആളുകൾ കുപ്പിയിൽ വെള്ളം ശേഖരിക്കുകയും കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളും ഒരു കുപ്പിയിൽ വെള്ളമെടുത്തു കുടിച്ചു. കുറച്ചു വെള്ളം കൈയിൽ കരുതുകയും ചെയ്തു. ഇത്, ലോകത്തിലെ ഏറ്റവും ശുദ്ധമായ വെള്ളമാണെന്നും ജീവന്റെ ജലമാണെന്നും  പറയപ്പെടുന്നു. 


പത്തുപതിനഞ്ചു മിനിറ്റുകൾ അവിടെ ചെലവഴിച്ചശേഷം മടങ്ങിപ്പോരുമ്പോൾ മനസ്സിന്റെ ക്യാൻവാസിൽ  നിറങ്ങളൊഴിഞ്ഞ് , മഞ്ഞിന്റെ വെണ്മയും തണുപ്പും മാത്രമായി.....  !

തിരിച്ചു ഡിസ്ക്കവറി സെന്ററിൽ എത്തിയപ്പോൾ അടുത്ത ആകർഷണമായ സ്കൈവാക്കിലേക്കുള്ള ബസ് യാത്രക്കാർക്കായി കാത്തുനില്പ്പുണ്ടായിരുന്നു. ആകാശനടത്തംകൂടി കഴിഞ്ഞിട്ടുവരുന്നതാണ് നല്ലതെന്നു ജാക്ക് നിർദ്ധേശിച്ചതിനാൽ അങ്ങനെയാവാമെന്നു ഞങ്ങളും തലകുലുക്കി, ബസിൽ കയറി. ബസിൽ ഇരിക്കുമ്പോഴേ കണ്ടിരുന്നു ആ ആകാശപാത... അവിടേക്കു പ്രവേശിക്കുന്നതിനു മുൻപേ ഒരു വഴികാട്ടി അതിന്റെ പ്രത്യേകതകൾ വിവരിച്ചു തന്നു. Sunwapta വാലിയിലൂടെ  ഏതാണ്ട് നാനൂറു മീറ്റർ വരുന്ന ഈ നടത്തത്തിൽ ആറു താവളങ്ങൾ ഉണ്ടെന്നും പാറക്കെട്ടുകൾക്കു മീതെ  918 അടി ഉയരത്തിൽ ഗ്ലാസ്സു കൊണ്ടുള്ള ഒരു തട്ടിലൂടെ മുപ്പത്തഞ്ചു മീറ്റർ നടത്തമുണ്ടെന്നുമൊക്കെ പറഞ്ഞിട്ട്, ഒരു ഓഡിയോ ഉപകരണം ഓരോരുത്തർക്കുമായി തന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിളിക്കാനായിരുന്നത്. അഞ്ചു ഭാഷകളിലായി റെക്കോർഡ് ചെയ്യപ്പെട്ട വിവരണങ്ങളാണ് അതിലുണ്ടായിരുന്നത്.  

ഓഡിയോയിലെ വിവരണങ്ങളും കേട്ടു ഞങ്ങൾ നടന്നു തുടങ്ങി. Sunwapta വാലിയുടെ ചരിത്രവും പ്രകൃതിവിവരണവുമായി തുടങ്ങി അവിടെയുള്ള ജീവജാലങ്ങൾ, മരങ്ങൾ, ഫോസ്സിൽസ് എന്നിവയെപ്പറ്റിയെല്ലാം അതിൽ വിശദമായി പറയുന്നുണ്ട്. താവളങ്ങൾ ഓരോന്നായി പിന്നിട്ട്, ഗ്ലാസ്സുകൊണ്ടുള്ള ആകാശപാതയിലേക്ക് കേറുമ്പോൾ ഹൃദയമിടിപ്പ് കൂടിയ പോലെ... താഴേക്കു നോക്കാൻ ഒരു ഭയം ... കാഴ്ചയിൽ അങ്ങുദൂരെ വരണ്ട പാറക്കെട്ടുകൾ, ഉണങ്ങിയ മരങ്ങൾ.... കാഴ്ച അവ്യക്തമാകുന്ന പോലെ.... മുൻപേ പോയ ഒരു ചൈനക്കാരൻ പയ്യൻ, നടക്കാൻ ഭയന്ന് നിലത്തിരുന്നു വാവിട്ടുകരയുന്നു....   അതുകൂടി കണ്ടപ്പോൾ ഒന്നുകൂടി ഭയമായി. എങ്കിലും കൈവരിയിൽ പിടി മുറുക്കി, പതിയെ നടന്നു .... ഏതാനും അടി നടന്നു കഴിഞ്ഞപ്പോൾപ്പിന്നെ ധൈര്യമായി... മോളാകട്ടെ, ആദ്യത്തെ കാൽവയ്‌പ്പിൽ ഭയന്നെങ്കിലും, പിന്നെ വേഗത്തിലും ഓടിയും യു ആകൃതിയിലുള്ള ഈ ആകാശപാതയിൽ രണ്ടുവട്ടം ചുറ്റി വന്നു...

a7afbf8fe3ae250be3cbc2cdb155b61c.jpg

2014 മെയ് മാസത്തിലാണ് ഈ ആകാശപാത, സന്ദർശകർക്കായി തുറന്നു കൊടുത്തത്. ഓഗസ്റ്റ് മാസത്തിൽ ഞങ്ങൾ ചെല്ലുമ്പോഴും അനുബന്ധജോലികൾ നടക്കുന്നുണ്ട്. എപ്പോഴും സജ്ജമായ സുരക്ഷാസേനയും ജാഗ്രതയോടെ അവിടെയുണ്ട്.

തിരികെ ബസിൽ കയറി, വീണ്ടും ഡിസ്ക്കവറി സെന്ററിലേക്ക്.... അവിടുന്നു ഉച്ചഭക്ഷണവും കഴിഞ്ഞ് ജസ്പാറിന്റെ താഴ്വരയിലെ ഞങ്ങളുടെ താമസസ്ഥലത്തേക്കു മടക്കയാത്ര... യാത്രയിലുടനീളം കൊളമ്പിയയിലെ മഞ്ഞുപാടങ്ങൾ വിവിധങ്ങളായ നിറങ്ങളിൽ, ഭാവങ്ങളിൽ  ഞങ്ങളോടൊപ്പം ഒഴുകി....

 

(ഖത്തർ എയർവേസിന്റെ ഔദ്യോഗിക മാസികയായ ഗൾഫ് ഫോക്കസിൽ  വന്ന യാത്രക്കുറിപ്പ്)

Posted in യാത്ര on July 27 2020 at 09:11 AM

Comments (2)

No login