കുചേലം .....!!!

കുചേലം .....!!!
.
വല്ലാതെ തിടുക്കത്തിലായിരുന്നു അവർ . ഏറെ പാരവശ്യത്തിലും . ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ പിന്നാം പുറത്ത് ചപ്പിലകൾ കൂട്ടി തീകത്തിച്ച് കരുതിവെച്ച ഒരാഴക്ക് നെല്ല് വറുത്തെടുക്കുമ്പോൾ അതിന്റെ മണം തലേന്ന് കൂടി ഒന്നും കഴിക്കാനില്ലാതെ വിശന്നു തളർന്ന് ഉറങ്ങിക്കിടക്കുന്ന കുട്ടികൾ അറിയരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന . വറവ് മുഴുവനായോ എന്നുപോലും നോക്കാതെ ചൂടുപോകാതെ നെല്ലെടുത്ത് ഉരലിലിട്ട് മൂടുപോയ ഉലക്ക കൊണ്ട് ഇടിച്ചെടുക്കുമ്പോഴും ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ....!
.
നരച്ചുപോയിരുന്നു നിലാവുപോലുമപ്പോൾ . പ്രാരാബ്ദങ്ങളുടെ ഭാണ്ഡം പേറി പേറിയാകണം മേഘങ്ങളും അങ്ങിങ്ങായി കനം തൂങ്ങിയാണ് നിന്നിരുന്നത് . ഇടക്കെപ്പോഴോ ഒരു പൂവൻകോഴി ഞെട്ടിയുണർന്നൊന്ന് കൂവിയതും അബദ്ധം മനസ്സിലാക്കിയാകണം നിശ്ശബ്ദനായതും പെട്ടെന്നുതന്നെ . ശബ്ദങ്ങൾക്ക് പോലും ഭാരം കൂടുന്നത് അവരുടെ നെഞ്ചിടിപ്പുപോലെ ഹൃദയ വ്യഥകൾ പോലെ വ്യസനത്തോടെതന്നെയായിരുന്നു . കാലവും കണക്കും നോക്കാതെ കുളിയും ജപവും കഴിച്ചെത്തിയപ്പോഴേക്കും ആ ധനുമാസക്കുളിരിലും അവർ വിയർക്കാൻ തുടങ്ങിയിരുന്നു ....!
.
ചൂടോടെത്തന്നെ ഉരലിൽനിന്നും വാങ്ങിയെടുത്ത് ഉമിപോലും ശരിക്കൊന്നു ചേറാൻ നേരമില്ലാതെ കല്ലും പതിരും മുഴുവനായും വേർതിരിക്കാൻ നിൽക്കാതെ ആ പഴംതുണിയിൽ അത് പൊതിഞ്ഞെടുക്കുമ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു . പൊതിഞ്ഞു കെട്ടിയ ശേഷമാണ് ആ തുണിപോലും അവരൊന്ന് ശ്രദ്ധിച്ചത് . മുഷിഞ്ഞതെങ്കിലും കഴുകി വൃത്തിയാക്കിയെടുത്ത അതിലെ ഓട്ടകളിലൂടെ വഴുതിമാറാൻ ശ്രമിക്കുന്ന ഓരോ അവിൽമണികളും അയാൾ തന്റെ ശോഷിച്ച കൈവിരലുകൾകൊണ്ടുപൊത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ...!
.
തന്നെ ഓർത്തെടുക്കുമോ തന്റെയാ സതീർത്യൻ എന്ന ചിന്ത അയാളെ അപ്പോഴും വല്ലാതെ അലട്ടിയിരുന്നു . കൂട്ടത്തിലൊരുവൻ അല്ലെങ്കിൽ കൂട്ടുകാരിലൊരുവൻ . അതിലപ്പുറം ... ചിന്തകളെ അയാൾ കടിഞ്ഞാണിട്ട് നിർത്തി . ഇനിയും ചിന്തിച്ചാൽ നിവൃത്തികേടിന്റെ ഈ യാത്രതന്നെ വേണ്ടെന്നുവെച്ചാലോ എന്ന ഭയം . വിശന്നുറങ്ങുന്ന കുട്ടികളെയോർത്ത് എന്നും കരയാതെ കരയുന്ന പ്രിയപത്നിയുടെ യാചന .. അയാൾ തയ്യാറാവുകയായിരുന്നു ...!
.
ദൂരം ഏറെയുണ്ട് . യാത്രയും . വഴിയിൽ തങ്ങാൻ പോലും ഒന്നുമില്ല കയ്യിൽ . എന്നിട്ടും ഇറങ്ങിയേപറ്റൂ . കുട്ടികൾ ഉണരും മുന്നേ . നിഷ്കളങ്കരായ കുട്ടികളെ പ്രതീക്ഷിപ്പിച്ച് നിരാശരാക്കേണ്ടിവന്നാലോ എന്ന വേവലാതി അയാളെ സ്വയം ആഗ്രഹിപ്പിക്കാനും പ്രതീക്ഷിപ്പിക്കാനും തന്നെ പ്രേരിപ്പിച്ചുകൊണ്ട് , പ്രാർത്ഥനയോടെ കാത്തുനിൽക്കുന്ന തന്റെ പ്രിയതമയോട് മാത്രം പറയാതെ പറഞ്ഞ് ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Posted in കഥ on September 03 2020 at 03:24 PM

Comments (2)

No login