വരൂ .... പോകാം.

പോകാം.

പോകാം ......
പൂക്കളില്ലാത്ത പൂന്തോപ്പിലേക്ക്.
കാറ്റിന്റെ കാണാക്കൊമ്പിലിരുന്ന്
മൂകമായി കിന്നാരം പറയുന്ന
തൊട്ടാവാടിപ്പൂക്കളെ കൂടെ കൂട്ടാം.
കാലം സമ്മാനിച്ച ഇഷ്ടങ്ങളുടെ
കൈ പിടിച്ച് വീഴാതെ
വറ്റിത്തുടങ്ങിയ കല്പടവിലൂടെ
മെല്ലെ നടക്കാം ,
അതിരിടാത്ത പാതയോരത്തെ
മണമില്ലാത്ത വാടാനറിയാത്ത
പൂക്കളെ ഇറുത്തെടുക്കാം.
പാട്ടിന്റെ ഒരു കടൽ ഉള്ളിലൊതുക്കി
ഒറ്റയ്ക്കിരിക്കുന്ന കുയിൽകുഞ്ഞിന്റെ
ഈരടിക്കു കാതോർക്കാം.
ഓർക്കാതിരിക്കുമ്പോൾ
കുളിരുമായെത്തുന്ന പാതിരാമഴയിൽ
ഒരു ഈണം ഒഴുകിനിറയുന്നതു
സ്വപ്നം കാണാം.
വരൂ .... പോകാം.

Posted in കവിത on September 05 2020 at 08:42 AM

Comments (0)

No login