വാമനം .... !!!

വാമനം .... !!!
.
ഇനി കാഴ്ചകൾക്ക് വിടനൽകാം .  കണ്ണുകളിൽ ആവാഹിച്ച ആ ദിവ്യരൂപം  അങ്ങിനെതന്നെ ആത്മാവിൽ കുടികൊള്ളട്ടെ .  അവസാനത്തെയും പിന്നെയിനിയാദ്യത്തെയും ദിവ്യമായ കാഴ്ച .  ശ്വാസം തന്റെ ദേഹത്തേക്ക് മെല്ലെയൊന്നെടുത്തുപിടിക്കാം .  തന്റെ സ്വന്തമായ ഈ മണ്ണിന്റെ അവസാനത്തെ മണം . പുതുമ മാറാത്ത പുത്തൻ മണം .  പുതുമഴയുടെ , പുല്നാമ്പുകളുടെ പുലർകാലസൂര്യന്റെ , കാറ്റിന്റെ  മാമലകളുടെ കടലിന്റെ നിലാവിന്റെ ....  എല്ലാ ഗന്ധങ്ങളും എന്നേക്കും ആത്മാവിൽ കുടികൊള്ളട്ടെ .....!
.
പ്രാർത്ഥനയോടെയേ എന്നും പ്രവർത്തിച്ചിട്ടുള്ളു .  സത്യത്തോടെയും  ധർമ്മത്തോടെയും സഹനത്തോടെയും മാത്രവും.    ഓരോ ചരാചരങ്ങളെയും തന്റെ സ്വന്തമായിത്തന്നെക്കണ്ട് തുല്ല്യ നീതിയോടെ .  അസാധ്യമെന്നും അസംഭവ്യമെന്നും ലോകം വിധിയെഴുതിയതിനെ തിരുത്തിക്കുറിച്ച ആതവിശ്വാസത്തോടെ .  അഭിമാനത്തിന്റെ ആത്മവിശ്വാസത്തിന് അഹങ്കാരമെന്ന വിളിപ്പേരുമുണ്ടെന്നതിൽ താൻ നിസ്സഹായൻ മാത്രം  ...!
.
സമരം ചെയ്യേണ്ടിയിരുന്നതൊക്കെയും കുലധർമ്മങ്ങളോടും വംശപാരമ്പര്യത്തോടും .  എതിരിടേണ്ടിയിരുന്നതൊക്കെയും വിശ്വാസപ്രമാണങ്ങളോടും മൂലധാരണകളോടും .  പടവെട്ടേണ്ടിയിരുന്നതിൽ ഏറെയും സ്വന്തം നിഴലുകൾതന്നെയും .  വിജയിക്കേണ്ടത് തന്റെ ആവശ്യമായതിനാൽ നിശയദാർഢ്യത്തോടെതന്നെയാണ് മുന്നേറിയിരുന്നത് .  ധീരതയുടെയും ആത്മവിശ്വാസത്തോടെയും   ലക്‌ഷ്യം നിശ്ചയിച്ചുറപ്പിച്ച് അതിലേക്കുമാത്രമായി കുറുക്കുവഴികളില്ലാത്ത   കഠിനപ്രയത്നത്തിലൂടെ മാത്രവും ....!
.
ശത്രുവിനെമാത്രമല്ലാതെ അവനവനെത്തന്നെയും   നേരെമുന്നിൽനിന്നുതന്നെ പൊരുതിത്തോൽപ്പിക്കുന്ന ഓരോ വിജയിയെയും എപ്പോഴും  കാത്തിരിക്കുന്നത് ഓരോ മഹാ ദുരന്തങ്ങളാണെന്നത് വിധിയുമാകാം .  പ്രാരബ്ധകർമ്മങ്ങളുടെ ബന്ധനത്തിലേക്ക് പിന്നെയും കൂട്ടിച്ചേർക്കേണ്ട കർമ്മഫലങ്ങളുടെ ആകെത്തുകകൾ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ അവശേഷിക്കുന്ന കാലമത്രയും പിന്നെയും ജീവിക്കാൻ മാത്രം ബാക്കിയാകുന്ന  ഈ ജന്മത്തിനും ഇനി വിട .....!
.
തനിക്കുള്ളതും താനുണ്ടാക്കിയതും തന്നെത്തന്നേയും സ്വയം ദാനം നൽകി , ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ,  ഗുരുക്കന്മാരുടെയും പിതൃക്കളുടെയും അനുഗ്രഹങ്ങളും വാങ്ങി താനിതാ  മുട്ടുകുത്തുന്നു  അഹങ്കാരത്തിന്റേതെന്ന് ഓരോരുത്തരും പതംപറയുന്ന തന്റെ സ്വന്തം കാൽ മുട്ടിൽത്തന്നെ .  തന്റെ ശിരസ്സിലേക്കുയരുന്ന . ആ പാദാരവിന്ദങ്ങളിൽ സർവ്വമോക്ഷത്തിനായി  തൊഴുകൈകളോടെ ,  അഭിമാനത്തോടെ അതിനേക്കാൾ , മനസ്സുനിറഞ്ഞ സന്തോഷത്തോടെയും  . അദ്ദേഹം നിദ്ദേശിക്കുന്ന  അടുത്ത കർമ്മത്തിനായി അനുഗ്രഹാശിസ്സുകളോടെ സകലപുണ്ണ്യത്തോടെയും ...!!!
.
സുരേഷ്‌കുമാർ  പുഞ്ചയിൽ 
Posted in കഥ on September 06 2020 at 01:20 PM

Comments (0)

No login