പുഞ്ചപ്പാടം ....!!!

പുഞ്ചപ്പാടം ....!!!
.
വല്യമ്മയുടെയും ചെറിയമ്മയുടെയും കൂടെയായിരിക്കും മിക്കവാറും അവിടെ പോകുന്നത് . കുറച്ചു ദൂരം പാടവരമ്പുകളിലൂടെയും പിന്നെ വലിയ തോട്ടു വരമ്പിലൂടെയുമുള്ള യാത്ര . ഒരു വലിയ കുട്ടയോ ചാക്കോ അവരുടെ കയ്യിലുണ്ടാവും എപ്പോഴും . അതിൽ വെണ്ണീറോ ചാണകമോ ഉണ്ടാകും . തിരിച്ചുവരുമ്പോൾ അതിലാവും വിളവുകൾ കൊണ്ടുവരുന്നതും . വെട്ടുകത്തിയും പിച്ചാത്തിയും പിന്നെ കൈക്കോട്ടുകളും കയ്യിലുണ്ടാവും. ഞങ്ങൾ കുട്ടികൾക്കുവേണ്ടി പ്രത്യേകം പറഞ്ഞുണ്ടാക്കുന്ന കുഞ്ഞികൈക്കോട്ടുകൾ, കൊച്ചുപിച്ചാത്തികൾ ഒക്കെ ഞങ്ങളുടെ കയ്യിലുമുണ്ടാകും ...!
.
വഴിയിൽ ഇടയ്ക്കു കാണുന്ന കുഞ്ഞു മൺകൂനകളിൽ കുഞ്ഞികൈക്കോട്ടുകൊണ്ട് കൊത്തി , നീറോലിയുടെയോ ശീമക്കൊന്നയുടെയോ കമ്മ്യൂണിസ്റ്റ് പച്ചയുടെയോ ഒക്കെ തലപ്പുകളിൽ പിച്ചാത്തികൊണ്ട് വാൾപയറ്റുനടത്തുംപോലെ വെട്ടി വെട്ടി , തോട്ടിലൂടെ പോകുന്ന നീർക്കോലികളെ കല്ലും മണ്ണുമെറിഞ്ഞോടിച്ച് , കുഞ്ഞുചാലുകളിലൂടെ പുളഞ്ഞു പായുന്ന മീൻകുട്ടികളെ പിടിക്കാൻ ശ്രമിച്ച് , മേലേക്ക് ചാടുന്ന തവളകളിൽ നിന്നും ചാടി മാറി ഒരു ആവേശപൂർവ്വമായ യാത്ര ....!
.
പാടത്തിന്റെയും തോടിന്റെയുമൊക്കെയുള്ള വരമ്പിലൂടെ നടന്നുള്ള കളികൾക്കിടയിൽ വല്യമ്മയൊക്കെ കുറെ ദൂരം മുന്നിലെത്തിയിട്ടുണ്ടാകുമ്പോൾ അവർക്കൊപ്പം എത്താൻ കുഞ്ഞു വരമ്പുകളിലൂടെ ഓടുമ്പോൾ പാടത്തേക്കോ തോട്ടിലേക്കോ തെന്നിവീണ് ചളിയും മണ്ണുമായി അത് അടുത്ത ഒഴുക്കു ചാലിൽ കഴുകിക്കളഞ്ഞ് , ഇടയ്ക്കു കാണുന്ന മുള്ളിൻ പഴങ്ങളിൽ പഴുത്തത് നോക്കി പറിച്ച് തിന്ന് അവിടെയെത്തുമ്പോഴേക്കും അവർ പണികൾ തുടങ്ങിയിട്ടുണ്ടാകും ....!
.
പാടങ്ങൾ തന്നെയെങ്കിലും എന്നാൽ അവയ്ക്ക് തൊട്ടു മേലെ വെള്ളം സ്ഥിരമായി കെട്ടിനിൽക്കാത്ത കുറച്ച് ഉയർന്ന നിലങ്ങൾക്കാണ് പുഞ്ചയെന്ന് സാധാരണ പറയാറ് . . പാടങ്ങളിൽ നടാനുള്ള ഞാറ് നട്ടുവളർത്താനും കരനെല്ല് ഉണ്ടാക്കാനും വാഴയടക്കമുള്ള ഇടവിളകൾ കൃഷിചെയ്യാനുമാണ് സാധാരണയായി പുഞ്ചപാടങ്ങൾ ഉപയോഗിക്കാറുള്ളത് . വാഴകൾക്കിടയിൽ കൊള്ളിയും പയറും കൂർക്കയും വെണ്ടയും വഴുതനയുമൊക്കെയടക്കം ഓരോ കാലത്തിനും കാലാവസ്ഥക്കുമനുസരിച്ച് വിളയിച്ചെടുക്കുന്ന ആ സ്ഥലങ്ങൾ വർഷത്തിൽ 12 മാസവും ഒന്നല്ലെങ്കിൽ മറ്റൊന്നെന്ന വിധം കൃഷിക്കും വിളവെടുപ്പിനും സജ്ജവുമാണ് ...!
.
പാടത്തോട് ചേർന്നായതിനാൽ എപ്പോഴും വെള്ളം നിറഞ്ഞുനിൽക്കുന്ന അവിടുത്തെ കിണറുകളിൽ നിന്നും കൊട്ടയുപയോഗിച്ച് കൈതേക്കു തേവിയാണ് അവിടെ വെള്ളം നനയ്ക്കാറുള്ളത് . ചിലപ്പോൾ പണിക്കാരാരെങ്കിലും അല്ലെങ്കിൽ വല്യമ്മയോ ചെറിയമ്മയോ ആവും തേവുന്നത് . ആ വെള്ളം കൃത്യമായി ഒഴുകിപ്പോകാൻ വേണ്ടിയുണ്ടാക്കുന്ന കുഞ്ഞു ചാലുകളിലൂടെ വാഴത്തടങ്ങളിലേക്കും അതോടൊപ്പം ഓരോ വാഴത്തടത്തിനും ചുറ്റുമുള്ള ഇടവിളകൾക്കും വെള്ളമെത്തുന്നുണ്ടോ എന്നുനോക്കലും ഞങ്ങളുടെ ജോലിതന്നെ . ..!
.
ഒരു വിളവെടുക്കുമ്പോൾ അവിടെ മറ്റൊന്ന് നട്ടുപിടിപ്പിക്കാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു എല്ലാവരും . മുറിച്ചെടുക്കുന്ന അവശിഷ്ടങ്ങളും ചപ്പുചവറുകളും ഇട്ട് അപ്പോൾത്തന്നെ നിലമൊരുക്കി തയ്യാറാക്കും . വീട്ടിൽനിന്നും കൊണ്ടുവരുന്ന വെണ്ണീറും ചാണകവും ഇടും . ചെറു വാഴകളാണെങ്കിൽ ഒരു വാഴവെട്ടുമ്പോൾ അതിലെ നല്ലൊരു കന്ന് വളരാൻ നിർത്തി മറ്റെല്ലാം വെട്ടിക്കളയും . കൊള്ളി പറിക്കുമ്പോൾ കൊള്ളിക്കമ്പിലെ മൂത്തഭാഗങ്ങൾ മുറിച്ച് അവിടെത്തന്നെ കുഴിച്ചിടും . കൂർക്ക പറിച്ചാൽ അവിടെ പയറോ വേണ്ടയോ വഴുതനയോ വിത്ത് കുഴിച്ചിടും . അതുകൊണ്ടുതന്നെ എല്ലായ്‌പ്പോഴേക്കും വ്യത്യസ്ത വിളകളും , വ്യത്യസ്ത വിളകളായതുകൊണ്ട് മണ്ണിന്റെ ഫലഭൂയിഷ്ഠതയും എപ്പോഴും നന്നായിത്തന്നെ നിലനിന്നിരുന്നു താനും ....!
വെള്ളം തേവി നനച്ച് , കളപറിക്കുകയും , വേലിയിതകളിൽ വെച്ചുപിടിക്കുന്ന ശീമക്കൊന്ന പോലെയുള്ള പച്ചിലകൾ വെട്ടിയെടുത്ത് തടങ്ങളിൽ ഇട്ടും , എന്തെങ്കിലും നടാനോ കുഴിച്ചിടാനോ ഒക്കെയുണ്ടെങ്കിൽ അതും ചെയ്ത് , വീഴാൻ പോകുന്ന തൈകളോ മറ്റോ ഉണ്ടെങ്കിൽ ഊണുകൊടുത്തും , കെട്ടിവെച്ചും , പിന്നെ വിളവെടുപ്പും നടത്തി തിരിച്ചുപോരുമ്പോഴേക്കും ഞങ്ങളുടെ വയറും നിറഞ്ഞിട്ടുണ്ടാകും . കൊള്ളി പറിക്കുമ്പോൾ അതിലൊരു കഷ്ണം . വെണ്ടയ്ക്ക പറിക്കുമ്പോൾ അതിലെ ചള്ളുകൾ, വാഴകൾ വെട്ടുമ്പോൾ അതിലിടയിൽ പഴുത്തുനിൽക്കുന്ന പഴങ്ങൾ അങ്ങിനെ ഞങ്ങൾ കുട്ടികളുടെ വയറുനിറയാനുള്ളതെല്ലാം യഥേഷ്ടമുണ്ടാകും എന്നും . കാലത്തിന്റെ മായക്കാഴ്ചകളിലേക്ക് മായാത്ത കാഴ്ചയോർമ്മകളായി ഇവയും എന്നേക്കും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Posted in കഥ on September 17 2020 at 05:36 PM

Comments (1)

No login