മേടമാസത്തിലെ .....!!!

മേടമാസത്തിലെ .....!!!
.
ഓരോ മേടമാസങ്ങളും ആഘോഷങ്ങളുടേതും ഓർമ്മപ്പെടുത്തലുകളുടേതും കൂടിയുമാണ് . വിഷുവും പൂരവും കൂടാതെ  എന്റെ പിറന്നാൾ മാസവുമാണ് മേടമാസം. പൂരങ്ങളും ആഘോഷങ്ങളും   കൈനീട്ടം കിട്ടുന്ന പൈസയും    പുതിയ വസ്ത്രങ്ങളും  വിശാലമായ പിറന്നാൾ  സദ്യയും ഒക്കെയായി ജഗപൊകയാണ് എപ്പോഴും.  ചെറിയച്ഛന്മാരുടെയോ ചെറിയമ്മമാരുടെയോ ഒക്കെ വീടുകളിലേക്കുള്ള വിരുന്നു സഞ്ചാരങ്ങളും സിനിമ കാണലും പൂരം പ്രദർശനത്തിന് പോകലും വാടകക്ക് സൈക്കിളെടുത്ത് കൂട്ടുകാരുമായി കറങ്ങലും  ഒക്കെയുമായി ഒരടിപൊളി അവധിക്കാല ആഘോഷം തന്നെയായിരുന്നു അപ്പോഴെല്ലാം ...!
.
വിഷുക്കൈനീട്ടം മാത്രമല്ലാതെ വല്യമ്മയുടെ കൂടെ കുന്നിൻപറമ്പിൽ  നിന്നും കശുവണ്ടി പെറുക്കി വിൽക്കാൻ  പോകുമ്പോൾ കിട്ടുന്ന പൈസയും ചെറിയച്ഛന്മാരോ വല്യമ്മയോ ഒക്കെ വരുമ്പോൾ കിട്ടുന്ന പൈസയും ഒക്കെയായി പൂരങ്ങൾക്കും ആഘോഷങ്ങൾക്കും അടിച്ചുപൊളിക്കാൻ ആവശ്യത്തിന് കാശുണ്ടാകും കയ്യിൽ എന്നതുതന്നെയായിരുന്നു അന്നത്തെ വലിയ സന്തോഷങ്ങളിലൊന്ന് . ആരും കാണാതെ കുലുക്കി കുത്തു കളിക്കാനും യന്ത്ര ഊഞ്ഞാലിൽ കയറാനും  പഞ്ഞിമുട്ടായിയും ക്യാപ്പുവെച്ചുപൊട്ടിക്കുന്ന തോക്കുവാങ്ങാനും കുതിരപ്പുറത്തു കയറാനും സിനിമ കാണാനും ഒക്കെ.  ഇതിനൊക്കെയും കൂടെ  കൊണ്ട് പോകുന്ന കൂട്ടുകാരിലൊരാളുടെ ചിലവും നമ്മൾ തന്നെ വഹിക്കണമെങ്കിലും അതിലുമൊരു സുഖമുണ്ടായിരുന്നു അന്നൊക്കെ ...!
.
അതിനേക്കാൾ ഏറെയായി അച്ഛാച്ഛന്റെ  ശ്രാദ്ധമായിരുന്നു പ്രത്യേകമായി ഉണ്ടായിരുന്ന മറ്റൊന്ന് . മുടക്കം കൂടാതെ ആചാരപൂർവ്വം കൊല്ലം തോറും നടത്താറുള്ള ഒരാഘോഷം തന്നെയായിരുന്നു ഇതും .  മദിരാശിയിൽ നിന്നും വല്യമ്മയടക്കം തറവാട്ടിലെ മിക്കവാറും എല്ലാവരും ഒത്തുകൂടുന്ന ഒരു നല്ല സമയം.  ചേച്ചിമാരും ചേട്ടന്മാരും ഒക്കെയായി മഹാ ബഹളമയമാകും അപ്പോഴെല്ലാം തറവാട്ടിൽ . ഇടക്കുണ്ടാകുന്ന തല്ലും വഴക്കും കൂടി എല്ലാറ്റിനും മേമ്പൊടിയായും ഉണ്ടാകുമായിരുന്നു  . അവർ കൊണ്ടുവരുന്ന പലഹാരങ്ങളും വസ്ത്രങ്ങളും ഒക്കെയായി കുട്ടികൾക്കും,  വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ  മുതിർന്നവരും ഒത്തൊരുമയോടെ സന്തോഷപൂർവ്വം....!
.
തലേന്നത്തെ ഒരിക്കലുതൊട്ടുതന്നെ എല്ലാവർക്കുമായി പ്രത്യേകമായുണ്ടാക്കുന്ന പലഹാരങ്ങളോ മറ്റുവിഭവങ്ങളോ ഒക്കെ ഉണ്ടാകും എല്ലാവർക്കുമായും ശ്രാദ്ധത്തിനു തലേന്ന് തന്നെ ദൂരെയുള്ള ഇണങ്ങൻ വരും വീട്ടിൽ .  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളാണ് .  നാലുതരം വിഭവങ്ങളുമായി പായസവും കൂട്ടിയുള്ള വിശാലമായ സദ്യ .  അടപ്രഥമനാണ് പായസം.  ഉണക്കല്ലരിയൊക്കെ ഇടിച്ചു പൊടിച്ച് വാഴയിലയിലണിഞ്ഞു വേവിച്ചെടുത്ത് ,  തേങ്ങ ചിരകി പിഴിഞ്ഞ് ശർക്കരയിട്ട് മധുരത്തോടെയുണ്ടാക്കുന്ന ആ പായസം കുടിക്കാനാണ് എന്റെയൊക്കെ കാത്തിരിപ്പ് പ്രത്യേകിച്ചും ...!
.
 അച്ഛനും ചെറിയച്ഛന്മാരും വല്യമ്മമാരും ചെറിയമ്മമാരുമൊക്കെ കാലത്തേ തറവാട്ടു കുളത്തിൽ പോയി കുളിച്ചീറനോടെ വന്നു ബലിയിടാൻ തയ്യാറാകുമ്പോഴേക്കും ഇണങ്ങൻ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ടാകും .  അവർ ബലിയിടുമ്പോൾ അവർക്കൊപ്പം ഞങ്ങൾ കുട്ടികളും കുളിയൊക്കെ കഴിഞ്ഞ്  എല്ലാം നോക്കി കണ്ട്  കുറച്ചു ദൂരെ മാറിയിരിക്കും.  ബലിയിട്ട് കൈകൊട്ടി  കാക്കയെ വിളിക്കാൻ ഞങ്ങളാണ് മുന്നിലുണ്ടാവുക . . ഇടയ്ക്കിടെ കിണ്ടിയിൽനിന്നും പൂവുതൊട്ട്  നീരുകൊടുത്ത് കൈകൊട്ടി വിളിക്കുമ്പോൾ പറന്നു വരുന്ന ബലിക്കാക്കകൾ ബലിയെടുത്തു കഴിഞ്ഞാലാണ് ഞങ്ങൾക്കും മുതിർന്നവർക്കൊപ്പം  സദ്യയുണ്ണാൻ പറ്റുക എന്നതുകൊണ്ടുതന്നെ അവരെക്കാൾ ഞങ്ങൾക്കാവും കാക്കയെ വിളിക്കാൻ ആവേശം ഏറെയും  ...!
.
അച്ഛാച്ഛനെ  ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നിലനിന്നിരുന്ന ആ സമൃദ്ധിയുടെ , സന്തോഷങ്ങളുടെ പൂരക്കാലങ്ങളിലേക്ക് , വേനൽ പുതുമഴയുടെ മണം  പേറുന്ന  മേടമാസച്ചൂടിലേക്ക്  സ്നേഹപൂർവ്വം വീണ്ടും ....!!!
.
സുരേഷ്‌കുമാർ  പുഞ്ചയിൽ
Posted in കഥ on December 21 2020 at 04:02 PM

Comments (0)

No login