Sreedevi Varma

Other Entries

ശംഭലഗ്രാമത്തിലേക്ക്...

നീർച്ചാലുകൾ തീർത്ത മുഖവും
ക്ഷീണം കാർന്നെടുത്ത കാലുകളും
തിരസ്കരിക്കപ്പെട്ട സ്നേഹവും
കളിയാക്കി, “നീ എവിടേക്കാ?”

തകർക്കപ്പെട്ട വിശ്വാസം
ചോര വാർന്ന നെറ്റിയിൽ
ആണിയടിച്ചു പറഞ്ഞു,,
“ഓടണ്ട, നിനക്കിനി കുരിശുമരണം”

നിൽക്കു, നിൽക്കു
ശംഭലഗ്രാമത്തിലേക്കൊന്ന് പോയ്‌വരട്ടെ
നിസ്സംഗതയുടെ കണ്ണുകളുള്ള
കറുത്ത കുതിരയെ തിരയണം

ക്രൂരതയുടെ നാവരിയുന്നൊരുടവാൾ
എവിടെയോ ഉണ്ട്, അതും..

കണ്ണീരുണങ്ങിയ കണ്ണുകളിൽ
ഒരു പ്രളയം കടം വാങ്ങണം
പിന്നതിലൊഴുക്കി കടലിലെത്തിക്കണം,
ഹൃദയം മുറിച്ച നോവുകളെ

നന്മയുടെ അവസാന നാമ്പും
കരിഞ്ഞു വീണ മണ്ണിൽ
വരാൻ വൈകുന്നതെന്തിനെന്ന്
കറുത്ത കുപ്പായക്കാരനോട് തിരക്കണം

മുന്നെ ആരോ പോകുന്നുണ്ടല്ലോ
നിൽക്കൂ, ആരാ? എങ്ങോട്ടാ
നിൽക്കാൻ പറ്റില്ല
ഇത് ഞാനാ, കാലം
ശംഭലഗ്രാമത്തിലേക്ക്...

******************************
ശംഭലഗ്രാമം.......കല്‍ക്കി പിറക്കുമെന്നു പറയപ്പെടുന്ന ഗ്രാമം  
Posted in കവിത on June 05 2020 at 12:42 PM

Comments (1)

No login