പ്രണാമപൂർവ്വം ....!!!

പ്രണാമപൂർവ്വം ....!!!
.
ഓരോ ക്രിസ്തുമസ് കടന്നുവരുമ്പോഴും കൂടെയെത്തുന്ന മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകളുമുണ്ട് മനസ്സിൽ . ധാരാളമുള്ള പതിവ് നാട്ടിന്പുറ കാഴ്ചകൾ കൂടാതെ , പ്രത്യേകമായും ഓർക്കുന്ന ചിലത് . ഓരോ ക്രിസ്തുമസ്സിനും മറക്കാതെ ഗ്രീറ്റിംഗ്‌സ് അയക്കുന്ന ഒരു ബാല്യകാല സുഹൃത്തിനെക്കുറിച്ച് , കേക്കുകൾ ഉണ്ടാക്കി എനിക്ക് വേണ്ടി കൊണ്ടുവന്നു തരുന്ന ഒരു മുത്തശ്ശിയെക്കുറിച്ച് . പുതുവർഷത്തിന് എവിടെയാണെങ്കിലും എന്റെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ അയക്കുന്ന മുൻപുണ്ടായിരുന്ന സഹപ്രവർത്തകയെക്കുറിച്ച്, എന്നെങ്കിലുമൊരിക്കൽ ഒന്നിച്ച് ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊരുക്കി രാത്രിയിലെ പ്രാർത്ഥനക്ക് ഒന്നിച്ചു പോകണമെന്ന് ഞാൻ എപ്പോഴും ഒരുപാട് ആഗ്രഹിക്കുമായിരുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ച് ... അങ്ങിനെയങ്ങിനെ ഒത്തിരി ഓർമ്മകൾ .. അതിലേറെ പ്രിയപ്പെട്ടതായി ഇതും ....!
.
മനസ്സിൽ സംഗീതവുമായി പാട്ടുപഠിക്കണമെന്ന അഗ്രത്തോടെ നടന്നുനടന്ന് ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ എന്ന് ലാലേട്ടൻ പറയും പോലെ , പ്രവാസ ജീവിതം തുടങ്ങിയപ്പോൾ കയ്യിലൊരു ഡിഗ്രി സെർട്ടിഫിക്കറ്റ് മാത്രവുമായി ആദ്യമായി ഞാനും എത്തിപ്പെട്ടത് അതുപോലൊരു സിംഹക്കൂട്ടിൽത്തന്നെയായിരുന്നു . അറബ് വംശജരും ഇംഗ്ലീഷുകാരും കൂടുതലായുള്ള ഒരു വലിയ സർക്കാർ സ്ഥാപനം .അധികാര കേന്ദ്രവുംകൂടിയായ അവിടുത്തെ പൊതു രീതികളറിയില്ല ശരിക്കൊന്നാരോടെങ്കിലും സംസാരിക്കാനറിയില്ല . പണിയൊന്നും അറിയില്ല . സഹായിക്കാൻ ആരുമില്ലതാനും ...!
.
അബദ്ധങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു തുടക്കത്തിൽ . കഴുതയെപോലെ പണിയെടുക്കുന്നതുകണ്ടുകണ്ട് പാവം തോന്നിയതുകൊണ്ടാവണം അവിടുന്നും പറഞ്ഞയച്ചില്ല അവരെന്നെ . പിന്നെ പിന്നെ ഒടുവിൽ ചീത്തപറഞ്ഞാലും നല്ലതുപറഞ്ഞാലും എനിക്ക് ഒരുപോലെയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം മേലുദ്യോഗസ്ഥരെല്ലാം എന്നെ സഹിക്കാനും എന്റെ വഴിക്കുവരാനും തുടങ്ങി . അതാവും അവരുടെ മനസ്സമാധാനത്തിനു നല്ലതെന്ന് അവർക്കു ബോധ്യമായിക്കാണണം . ....!
.
അക്കാര്യത്തിൽ എന്നെ ശരിക്കും സഹായിച്ചിരുന്നത് എന്റെ സെക്ഷൻ മാനേജർ ആയ ഒരു ഇംഗ്ലീഷുകാരനായിരുന്നു . കുറച്ചുപ്രായമായതിനാലാകണം ഏറെ പക്വതയോടെ കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുമനസ്സിലാക്കിക്കാൻ കുറച്ചൊന്നുമല്ല അദ്ദേഹം ബുദ്ധിമുട്ടിയത് . പഠിപ്പിച്ച് പഠിപ്പിച്ച് ഒടുവിൽ അദ്ദേഹം മലയാളം പറയാൻ തുടങ്ങുമോ എന്ന അവസ്ഥയിലുമായി കാര്യങ്ങൾ . എങ്കിലും കൂടുതൽ പഠിക്കാനും കാര്യങ്ങൾ പക്വതയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യാനും എന്നെ പ്രാപ്തനാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ചില്ലറയല്ല . തുടർപഠനത്തിനും , താത്കാലിക ജോലിക്കാരനായി ജോയിൻ ചെയ്ത എന്നെ സ്ഥിരപ്പെടുത്താനും സഹായിച്ചത് അദ്ദേഹം തന്നെ ...!
.
പുതുവത്സരത്തിനും ക്രിസ്തുമസ് നും വളരെ വലിയ പാർട്ടികൾ നടക്കാറുണ്ട് അവിടെ . പഞ്ചനക്ഷത്ര ഹോട്ടലിലെ ആ പാർട്ടികൾക്ക് ഡ്രസ്സ്കോഡ് അടക്കം പല നിബന്ധനകളും ഉണ്ടാകും . ഞാൻ ചെന്ന് അധികമാകും മുന്നേ അക്കുറിയത്തെ ആഘോഷങ്ങളുമെത്തി . ഞാൻ ആഘോഷങ്ങളുമായി ചെന്നുകയറിയ പോലെയും എനിക്കുതോന്നിയത് യാദൃശ്ചികവും .ബാല്യകൗമാരണങ്ങളുടെ ചാപല്യങ്ങൾ അത്രയൊന്നും വിട്ടൊഴിഞ്ഞിട്ടില്ലാത്ത എന്നോട് അപ്പോഴേക്കും അവിടെയുള്ള എല്ലാവർക്കും ഒരു വാത്സല്യം കലർന്ന ഇഷ്ടവും കൂടി തോന്നിത്തുടങ്ങിയിരുന്നു എന്തായാലും . ...!
.
നാട്ടിലൊരു പക്ഷിയെപ്പോലെ സർവതന്ത്ര സ്വതന്ത്രനായി പാറിപറന്നിരുന്ന എന്നെ ഒരു പ്രവാസിയാക്കിയതും അവിടെ ഞാൻ താമസിച്ചിരുന്നതും അവിടുത്തെ എന്റെ എല്ലാ കാര്യങ്ങളും സ്നേഹപൂർവ്വം നോക്കിയിരുന്നതും എന്റെ ചെറിയച്ഛനായിരുന്നു . എങ്കിലും പാർട്ടിക്ക് പോകേണ്ടത് എങ്ങിനെയെന്നൊന്നും ചെറിയച്ഛനും വലിയ പിടുത്തമില്ലായിരുന്നു . അവിടെ സമയത്തു കൊണ്ടുപോയേക്കാം എന്നേറ്റതല്ലാതെ മറ്റൊന്നും മൂപ്പരും അത്ര ശ്രദ്ധിച്ചില്ല . അങ്ങിനെ അന്നത്തെ ദിവസം പറഞ്ഞ സമയത്തിനും ഏറെ മുന്നേ ഞാൻ അവിടെയെത്തി മറ്റുള്ളവരെ കാത്തുനിൽക്കവേ എന്റെ മാനേജർ തന്നെയാണ് ആദ്യം അവിടെയെത്തിയത് പിന്നെ...!
.
നാട്ടിൻപുറത്ത് നാടകവും സിനിമയും സാമൂഹ്യപ്രവർത്തനങ്ങളും ഒക്കെയായി അടിച്ചുപൊളിച്ചു നടന്നിരുന്ന ദേശീയവാദിയായ എന്റെ കയ്യിൽ അപ്പോൾ ഭൂരിഭാഗവും ഉണ്ടായിരുന്നത് ഖദർ ജുബ്ബയും ജീൻസും ഒക്കെയായിരുന്നു . അതിലൊരു വൃത്തിയുള്ളതുമിട്ടായിരുന്നു ഞാനും ചെന്നിരുന്നത് . ബുദ്ധിജീവി ചമഞ്ഞുള്ള ഒരു നടത്തം കൂടി എനിക്കക്കാലങ്ങളിൽ ഉണ്ടായിരുന്നപ്പോഴത്തെ ആ ഖദർ തോൾസഞ്ചിയും തുകൽച്ചെരുപ്പും പിന്നെയൊരു കാലം കുടയും ഭാഗ്യത്തിന് അങ്ങോട്ട് കൊണ്ടുപോകാതിരുന്നതുകൊണ്ട് അതുമാത്രം അന്ന് ധരിക്കാൻ കഴിഞ്ഞില്ലെന്ന കുറ്റബോധവും ....!
.
മാനേജർ അടുത്തുവന്ന് എന്നെ കണ്ടതും ആകെയൊന്നു നോക്കി ഒന്നും പറയാതെ നേരെ എന്നെയും കൈപിടിച്ച് അദ്ദേഹത്തിന്റെ വണ്ടിയിൽ കയറ്റി കൊണ്ടുപോയത് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലേക്ക് . അവിടെച്ചെന്ന് എന്റെ പാകത്തിനുള്ള ഒരു സ്യൂട് വാങ്ങിതന്നിട്ട് എന്നോടതിട്ടിട്ടു വരൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും വാ പൊളിച്ചുപോയി . സ്യൂട് ഒക്കെയിട്ട് ഗമയിലെത്തിയ എന്നെ ഒരു ചെറുപുഞ്ചിരിയോടെ പുറത്തുതട്ടി അഭിനന്ദിച്ച് കൂടെ കൊണ്ടുപോയി പാർട്ടിയും കഴിഞ്ഞ് റൂമിൽ ഡ്രോപ്പ് ചെയ്ത് പോകുമ്പോൾ മൂപ്പരുടെ മുഖത്തും അഭിമാനത്തോടെയുള്ള ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു ....!
.
കോൺട്രാക്ട് സമയം കഴിഞ്ഞ് അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോകുമ്പോൾ എന്നോടും എപ്പോൾ വേണമെങ്കിലും അവിടേക്ക് കുടിയേറാൻ ചെന്നോളാൻ പറഞ്ഞെങ്കിലും കത്തിനിന്നിരുന്ന രാജ്യസ്നേഹം അതുസമ്മതിച്ചില്ല എന്നതിൽ ഇപ്പോൾ ഒരു കുറ്റബോധമുണ്ടോ എന്ന് സംശയമില്ലാതെയുമില്ല എങ്കിലും ആ ബന്ധം തുടരുകതന്നെ ചെയ്തു എന്നേക്കുമായി. എന്റെ എല്ലാ പിറന്നാളുകൾക്കും , എന്റെ വിവാഹത്തിനും വിവാഹ വാർഷികങ്ങൾക്കും കുട്ടികളുണ്ടായപ്പോഴും അവരുടെ പിറന്നാളുകൾക്കും മറ്റു വിശേഷങ്ങൾക്കും ഒക്കെയും അദ്ദേഹത്തിന്റെ ഫോൺ വിളികളോ സന്ദേശങ്ങളോ ഉറപ്പായിരുന്നു .....!
.
പിന്നീടങ്ങോട്ട് അദ്ദേഹം എല്ലാ ക്രിതുമസ്സിനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആ വർഷത്തെ എല്ലാ പ്രധാന വിശേഷങ്ങളുമായി നീണ്ട ഒരു കത്തും എഴുതാറുണ്ടായിരുന്നു ഞങ്ങൾക്കെല്ലാവർക്കും .എന്നും എപ്പോഴും .നമ്മോടുകൂടെയുണ്ടാകും എന്നുറപ്പുണ്ടായിട്ടും ഒടുവിൽ നഷ്ട്ടപ്പെട്ടുപോകുന്ന ജീവിതത്തിലെ പ്രധാനപ്പെട്ട പലതിനുമൊപ്പം അദ്ദേഹവും പിന്നെ അധികം വൈകാതെ കാൻസർ ബാധിതനായി കാലയവനികയ്ക്കുള്ളിൽ മറയും വരെയും , ഒരിക്കലും മറക്കാനാവാത്ത സ്നേഹോർമ്മകളും സമ്മാനിച്ചുകൊണ്ട് . ഗുരുതുല്യനും പിതൃതുല്യനുമായ ആ മഹാനുഭാവന്റെ ഓർമ്മകളിൽ ഈ ക്രിസ്തുമസ്സും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Posted in കഥ on December 24 2020 at 03:39 PM

Comments (0)

No login