Aparna Nair

കാറ്റിൻ മൊഴി ??

ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ പുറത്ത് നനുനനുത്ത മഴയും ഒപ്പം തണുത്ത കാറ്റും.. ആകാശം ചാരനിറമുള്ള മഴക്കാർ കൊണ്ട് മൂടികിടക്കുന്നു.. പെട്ടെന്നു കാപ്പിയുണ്ടാക്കി ടെറസിലേക്ക് ഓടിക്കയറി... വീടിനു മുന്പിലെ ഗുൽമോഹർ മരം നിറയെ പൂവാണ്... ചുവപ്പിന്റെ ഒരു ചെറുപൂരം തന്നെ.. ചാറ്റ്‌മഴ നനഞ്ഞു, കാപ്പിയും നുണഞ്ഞു കാറ്റിൽ പറക്കുന്ന മുടിയൊതുക്കി അങ്ങനെ നിന്നപ്പോൾ മനസിൽ കോയമ്പത്തൂരിൽ താമസിച്ച ദിവസങ്ങൾ പെട്ടെന്ന് ഓർമ വന്നു...ദുബായിലെ മനോഹരമായ വർണ്ണകാഴ്ചകളിൽ നിന്നും സുഖലോലുപതയിൽ നിന്നും പെട്ടെന്നുണ്ടായ ഒരു പറിച്ചുനടൽ ആയിരുന്നു കോയമ്പത്തൂരിലേക്ക്... അതുകൊണ്ട് തന്നെ ചെന്നു കയറിയ ഫ്ലാറ്റിൽ എല്ലാം ഇഷ്ടക്കേടുകളായിരുന്നു.. വൃത്തിപോരാ, പൂപ്പൽ മണം, ഇരുട്ട് നിറഞ്ഞ അടുക്കള... തിരിച്ചു ഓടിപോകാനാണ് തോന്നിയത്....

ഗ്രൗണ്ട് ഫ്ലോർ ആയതിനാൽ പിൻഭാഗത്തെ നീണ്ട വരാന്തയിൽ നിന്നാൽ തൊട്ടപ്പുറത്തുള്ള പോലീസ് ട്രെയിനിങ് അക്കാദമിയുടെ കോംബൗണ്ടിലെ "പച്ചപ്പും ഹരിതാഭയും" ആണ് കാഴ്ച...അവിടെ ചെറിയ കാറ്റിൽ പോലും കലപില കൂട്ടി ഇലകൾ ഇളക്കുന്ന ഒരാൽമരം....മുന്നിൽ കോയമ്പത്തൂരിലെ ഏറ്റവും മുന്തിയ ഹോട്ടൽ ആയ റെസിഡൻസിയുടെ ഉദ്യാനം.. കാഴ്ചകൾ ഒക്കെ മനോഹരം.. പക്ഷെ ഒന്നും മനസിനെ ആകർഷിച്ചില്ല.. ഒരു ജൂലൈ മാസത്തോടെ ആണവിടെ എത്തിയത്.. ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടെ കാലാവസ്ഥ മാറി തുടങ്ങി.. ഗുൽമോഹറുകളും, വാകയും, ഒക്കെ പൂക്കൾ കൊണ്ടു മൂടി... ഒപ്പം സന്ധ്യയോടടുക്കുമ്പോൾ സുഖമുള്ള ഒരു കാറ്റും.. നടക്കാനിറങ്ങിയാൽ മുഖത്തേക്ക് തണുപ്പ് പകരുന്ന ചെറിയ നനവുള്ള കാറ്റ്.. വീതിയുള്ള അവിനാശി റോഡിന്റെ ഇരുവശത്തുമായി ഉള്ള നടപ്പാതയിലൂടെ ദിവസവും വൈകുന്നേരം നടക്കാനിറങ്ങും...ഓരോ പത്തിരുപതു മീറ്ററിലും ഒരു ചെറിയ അമ്പലം കാണാം.... അവയുടെ വിമാനഗോപുരങ്ങൾ വിവിധ വർണ്ണ ചായങ്ങൾ തേച്ചു മനോഹരമാക്കിയിരുന്നു.. ചാരനിറമുള്ള ആകാശത്തിന്റെ പശ്ചാത്തലത്തിൽ അവയുടെ കടുംനിറങ്ങൾക്ക് വല്ലാത്ത ഭംഗിയായിരുന്നു...കടന്നു പോകുമ്പോൾ മുല്ലപ്പൂവിന്റെയും ചന്ദനത്തിരിയുടെയും ഹൃദ്യമായ സുഗന്ധം മൂക്കിൽ നിറയും... അപ്പോൾ തോന്നുന്ന ഒരു മാനസികാവസ്ഥയുണ്ടല്ലോ അത് അനുഭവിച്ചു തന്നെ അറിയണം.... കടുംനിറങ്ങളിലുള്ള സാരികൾ അണിഞ്ഞു പൂചൂടിയ സ്ത്രീകളും മോഡേൺ ആയി വേഷമിട്ട കുട്ടികളും നിറഞ്ഞ വഴികൾ, വീട്ടിൽ രാപകൽ കളിചിരികളുമായി വന്നെത്തുന്ന എന്റെ മകന്റെ കൂട്ടുകാർ, അന്നപൂർണ റെസ്റ്റാറ്റാന്റിലെ മസാലദോശ, കാസ്കേഡിലെ ചൈനീസ് ഭക്ഷണം, Make A Difference ഫൌണ്ടേഷനിലെ അനാഥ ബാല്യങ്ങൾ - എല്ലാം ചേർന്ന് മനസിനെ കീഴടക്കാൻ സമയം അധികം വേണ്ടി വന്നില്ല..എന്തിനധികം പറയുന്നു, ഏതോ സിനിമയിൽ പറയുന്ന പോലെ വെറുത്തു വെറുത്തു ആ വെറുപ്പിനൊടുവിൽ കോയമ്പത്തൂർ എന്ന നഗരത്തെ ഞാൻ അതിയായി സ്നേഹിച്ചുതുടങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ..

വളരെ നാളുകൾക്ക് ശേഷം ആ അനുഭൂതി തിരിച്ചു കുട്ടിയതുപോലെ... ഇന്നതിന് കൂടുതൽ കുളിർമയുണ്ടെന്നു തോന്നി...ഇത്തരം തികച്ചും യാദൃച്ഛികമായി ഒരു കാറ്റിലൂടെയോ ഒരു ഗന്ധത്തിലൂടെയോ വീണുകിട്ടുന്ന ഓർമ്മത്തുണ്ടുകൾക്ക് തെറാപ്പിയുടെ ഫലമാണ്....ചുറ്റിലും നിരാശയും നെഗറ്റിവിറ്റിയും നിറയുമ്പോഴും ഓർമകളുടെ ഈ മഴവിൽ വള്ളത്തിൽ ഞാൻ അതു നീന്തി കടക്കുന്നു....

കോയമ്പത്തൂരിൽ നേരം വൈകി ഇങ്ങനെ നടക്കുമ്പോൾ ചിദംബരത്തെ സന്ധ്യകൾ സ്വപ്നം കണ്ടിട്ടുണ്ട്, അതിമനോഹരമാണത് എന്നു വായിച്ച ഓർമകൾ വെച്ച്..ചുവന്ന പട്ടുസാരിയും പച്ച ബ്ലൗസുമിട്ട് കുപ്പിവളയും മുല്ലപ്പൂവും വാങ്ങി അണിഞ്ഞു ക്ഷേത്രത്തിൽ  എന്റെ പ്രിയപ്പെട്ടവനോടൊപ്പം ഒരു സന്ധ്യാസമയം....ഭക്തിഗാനങ്ങൾ കാറ്റിലൂടെ ഒഴുകി വരുന്നതും കേട്ട് ക്ഷേത്രപരിസരത്തെ കൽത്തൂണുകൾക്കിടയിലൂടെ നടക്കണം - ചിദംബരത്തെ എണ്ണമറ്റ ശിലാരൂപങ്ങളിൽ, നടരാജന്റെയും ശിവകാമിയുടെയും ചിദംബരരഹസ്യങ്ങൾ തിരഞ്ഞു കൈകൾ കോർത്തു പരസ്പരം കൈത്താങ്ങായി....ജന്മാന്തര ബന്ധത്തിന്റെ നൂലിൽ ഞങ്ങളുടെ സ്നേഹത്തെ കൊരുത്തുകൊണ്ട്...

ആകാശത്തിലേക്ക് ഉയർന്നു പൊങ്ങുന്ന, നിറമുള്ള വിമാനഗോപുരങ്ങൾ പോലെ ഓരോരോ ആഗ്രഹങ്ങൾ...ചുള്ളിക്കാട് പറഞ്ഞതുപോലെ,
"ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെയ്ക്കുന്നു." എന്നെയും കാത്തിരിക്കുന്നുണ്ടാവും പലതും, നിങ്ങളെയും...Posted in ഓർമ്മക്കുറിപ്പ് on June 13 2020 at 02:10 AM

Comments (8)

No login
  • Rajalakshmi Tp
  • Aᴙᥡᥑᴎ࿐
  • Anjali Pillai
  • ശിവനന്ദ
  • അജ്ഞാതൻ...
  • M.Jayamohan
  • Binu
  • Ganish.bunny(mazz)