കാക്കവിളക്ക് ഭാഗം 2

 
അലച്ചുകുത്തി പെയ്യുന്ന കര്‍ക്കിടകത്തിന് മീതെ കരിയാത്തന്‍ പോലീസിന്‍റെ കണ്ണീര്‍ പെയ്തു. ആണ്ടി മൂപ്പന്‍റെ കുടിയോട് ചാരിയുള്ള വരിക്കപ്ലാവിന്‍റെ   ചോട്ടില്‍ മുണ്ടിക്കും കുഞ്ഞിനും കിടക്കാനുള്ള ആറടി നീളം മണ്ണിനോട് വാങ്ങാന്‍ വേണ്ടി അദ്ധ്വാനിക്കുകയാണ് ചാത്തപ്പനും കീരനും. 
 
കോവിലപ്പാറയില്‍ ഉള്ള ശ്മശാനത്തില്‍ അടക്കാം എന്നുള്ള ബന്ധുക്കളുടെ നിലപാടിന്‍റെ നാവില്‍ തന്നെ കരിയാത്തന്‍ കത്തിവച്ചു " ന്‍റെ മുണ്ടീം പുള്ളയും നേരാം വഴിക്ക് ചത്തതല്ല. കൊന്നതാ. ന്‍റെ പൈതലിന്‍റെ ജീവന് പകരം ചോയ്ക്കണം നിക്ക്. ഇച്ചെയ്തത് ആരായാലും ഞാന്‍ പൂജിക്കണ ന്‍റെ തൈവങ്ങള് കാണിച്ച് തരും. ഓന്‍റെ ചോര ഞാന്‍ വീഴ്ത്തുമ്പോ ന്‍റെ മുണ്ടീം പുള്ളയും ഈട ണ്ടാവണം. ന്‍റെ കണ്ണകലത്തില് തന്നെ. ഓളെ എങ്ങട്ടും കൊണ്ടോകാന്‍ ഞാന്‍ സമ്മയ്ക്കൂല " 
 
കരിയാത്തന്‍റെ കത്തിയെരിയുന്ന കണ്ണുകളിലെ ചെഞ്ചോരരാശി കണ്ട് കര്‍ക്കിടകം പോലും ഒരുമാത്ര പെയ്ത്ത് നിര്‍ത്തി ശങ്കിച്ചു നിന്നു. മുറ്റത്ത് കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ പാലമരത്തിന്‍റെ കൊച്ചുകിടാങ്ങള്‍ ഒഴുകി നടന്നു. ഇരുപത്തെട്ടു കെട്ടിന് പാടാന്‍ വച്ചിരുന്ന നാവൂറ്; കാളിക്കുറത്തി കുഞ്ഞിന്‍റെ ജഡത്തിനു തലക്കാംപുറത്തിരുന്നു പാടിത്തീര്‍ത്തു. കരിയാത്തന്‍റെയും ഉടപ്പിറന്നോള്‍ തേമ്പയുടെയും നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ നാവൂറിന് മറുപാട്ടായി. 
 
"ഇനീം ഇങ്ങനെ കെടത്തണോ? ഇപ്പോത്തന്നെ ... " ചെറിയാമന്‍ കരിയാത്തന്‍റെ തോളില്‍ കൈവച്ചു. തീക്കൊള്ളികൊണ്ട് കുത്ത് കിട്ടിയപോലെ കരിയാത്തന്‍ ഒന്ന് നടുങ്ങിയുലഞ്ഞു. അവന്‍റെ മിഴികളില്‍ പെയ്യുന്ന സാഗരം കാണാന്‍ കരുത്തില്ലാതെ ചെറിയാമന്‍ തലവെട്ടിച്ചു. 
 
" കെടത്തണ്ട. കുയ്ച്ചിടണം. ഇഞ്ഞി ആരും ബരാനൊന്നും ല്ല്യല്ലോ.  ഓളെ ഇഞ്ഞിം ഇങ്ങനെ കെടത്തി നരകിപ്പിക്കണ്ട." എന്തോ ഒരു ഉള്‍പ്രേരണയാലെന്നവണ്ണം കരിയാത്തന്‍ ഝടുതിയില്‍ എണീറ്റു. ദുര്‍ഗന്ധം അറിയാതിരിക്കാന്‍ രാമച്ചം കൊണ്ട് മൂടിക്കിടത്തിയ കുഞ്ഞിന്‍റെ തലയില്‍ കരിയാത്തന്‍ തൊട്ടുതലോടി. വിറയാര്‍ന്ന അധരങ്ങളാല്‍ അവനെന്തോ പിറുപുറുത്തു. അനന്തരം കരിനീല നിറത്തില്‍ കുമിളച്ചു നില്‍ക്കുന്ന ഞരമ്പുകള്‍ മുളങ്കാട്‌ തീര്‍ത്ത മുണ്ടിയുടെ തിരുനെറ്റിയില്‍ അവന്‍ വലംകൈയിലെ തള്ളവിരല്‍ അമര്‍ത്തി. അര്‍ദ്ധനിമീലിത നേത്രങ്ങളില്‍ നിന്നും തീമഴ പെയ്തു. 
 
"ഇഞ്ഞി എടുത്തോ. " കരിയാത്തന്‍റെ മുഖത്ത് അതുവരെ ഇല്ലാത്ത ഒരു ശാന്തത കൈവന്നു. വിക്ഷോഭം നടക്കുന്ന മനസ്സിന്‍റെ ഇരമ്പം അവന്റെ കണ്ണുകളില്‍ അപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഇരുവാളിക്കാവിന് നേരെ നോക്കി കരിയാത്തന്‍ കണ്ണീര്‍ ചുട്ടെരിച്ചു. കരിയാത്തനെ സാന്ത്വനിപ്പിക്കാന്‍ എന്നവണ്ണം പാടവരമ്പില്‍ നിന്നും  ചേറിന്‍റെ മണമുള്ള കാറ്റ് ആ പുരയിടത്തില്‍ അലസഗമനം നടത്തി. 
 
ഒരൊറ്റ കുഴിയില്‍ കിടത്തിയ മുണ്ടിച്ചെറുമിയുടെയും പിള്ളയുടെയും കുഴിമാടത്തിലേക്ക് മൂന്നുപിടി മണ്ണ് വാരിയിടുമ്പോള്‍ കരിയാത്തന്‍റെ കണ്ണില്‍ നിന്നും ഹൃദയം വെന്തു ചോര പെയ്തു. എരുമലച്ചിന്നാടന്‍ ഗുരുക്കളുടെ തോളിലേക്ക് തല ചേര്‍ത്തുവച്ച് അവന്‍ പൊട്ടിക്കരഞ്ഞു. ക്ഷണനേരം കൊണ്ട് കരിയാത്തന്‍റെ കണ്ണീര്‍ വറ്റി. പകരം അഗ്നിനാളങ്ങള്‍ ജ്വലിച്ചു 
 
"  ന്‍റെ മുണ്ടിയേം പുള്ളയേം കൊന്നോരെ ഞാന്‍ വെറുതെ വിടൂല. ഓന്‍റെ കുടുംബം ഞാന്‍ മുടിക്കും. ന്‍റെ കരിങ്കുട്ടി മുത്തപ്പനാണേ .... !!! "
 
കരിയാത്തന്‍ ഇടനെഞ്ചില്‍ തല്ലി. ഇരുവാളിക്കാവിന് വെയിലേല്‍ക്കാതെ കുടപിടിച്ച് നിന്നിരുന്ന കരിമ്പനകള്‍ കരിയാത്തനെ പരിഹസിച്ചു തലയാട്ടിച്ചിരിച്ചു. 
 
പച്ചമണ്ണു പുതച്ച് മുണ്ടിയും കുഞ്ഞും തണുപ്പകറ്റി. കലുഷിതമായ മനസ്സോടെ നിന്നിരുന്ന കരിയാത്തനെ എരുമലച്ചിന്നാടന്‍ ഗുരുക്കള്‍ കോലായിലേക്ക് കൈപിടിച്ചു നടത്തി. 
 
" പതിനാറ് ദിവസം പുലയാണ്. ഇപ്പൊ ഒന്നും ചിന്തിക്കണ്ട. പതിനേഴാം പക്കം നീ കളരിയിലേക്ക് വരണം. അതിരാവിലെ തന്നെ. ന്‍റെ വെലാണ്ടിയുടെ മോന്‍ എന്നുവച്ചാല്‍ എന്‍റെയും മോനാ. ഇന്നേക്ക് പതിനേഴാം പക്കം ഇതിനൊരു തീരുമാനം നമുക്കുണ്ടാക്കാം!!"
 
ഗുരുക്കളുടെ വാക്കുകള്‍ കരിയാത്തന്‍ കേട്ടുനിന്നു. ശാപവചസ്സുകള്‍ പിറുപിറുത്തുകൊണ്ട് അയാള്‍ പയ്യെ തലയാട്ടി. 
 
മഴ തോര്‍ന്നു. മേഘപ്പാളികളിലൂടെ സൂര്യന്‍ പതിയെ പുറത്തേക്ക് തലനീട്ടി. കര്‍ക്കിടക വെയിലിന് മീനച്ചൂട് തോറ്റുപോകുന്ന കാഠിന്യം കൈവന്നു. 
 
പുലകുളി അടിയന്ത്രം കഴിഞ്ഞു.  അയലോക്കക്കാരും ബന്ധുക്കളും കൂടി ചടങ്ങുകളെല്ലാം തീര്‍ത്ത് റാക്കും മീനും കഴിച്ച് പുല അവസാനിപ്പിച്ചു. 
 
വട്ടാരപ്പറമ്പില്‍ നിന്നും വെട്ടിക്കൊണ്ടുവന്ന ശീമക്കൊന്നയുടെ കമ്പുകള്‍ പിണച്ചു ചേര്‍ത്ത് അതിന്റെ മേല്‍ രണ്ടായി പകുത്തു മെടഞ്ഞ ഓലകള്‍ വലിച്ചു കെട്ടി കരിയാത്തന്‍ മുണ്ടിച്ചെറുമിയുടെയും കുഞ്ഞിന്റെയും കുഴിമാടത്തിന് ഒരു മറ തീര്‍ത്തു. കാല്‍ഭാഗത്തായി ഒറ്റക്കമ്പിയില്‍ തീര്‍ത്ത കാക്കവിളക്ക് കുത്തിനാട്ടി. കുഴിമാടത്തിന് തലഭാഗത്ത് മുളച്ചുപൊങ്ങി പൂവിട്ടു നിന്നിരുന്ന ഒരു കാശിത്തുമ്പ മാത്രം നിര്‍ത്തി ബാക്കി കളകള്‍ മുഴുവന്‍ വേരോടെ അയാള്‍ പിഴുതു കളഞ്ഞു. 
 
ഉച്ചവെയിലിന്റെ കാഠിന്യം ശമിച്ചു തുടങ്ങി. പകലോന്‍ ഉറങ്ങാന്‍ വേണ്ടി കടലിന്‍റെ മടിത്തട്ടിലേക്ക് പാഞ്ഞു. 
 
കോലായില്‍ തേമ്പ വിളക്ക് വച്ച് തൊഴുകൈയോടെ പ്രാര്‍ത്ഥനാ നിരതയായി നില്‍ക്കുന്ന സമയത്താണ് പുഞ്ച വരമ്പില്‍ നിന്നും നീട്ടിയുള്ള ഒരു കൂവല്‍ കേട്ടത്. കൂവല്‍ കേട്ട ഭാഗത്തേക്ക് ചിമ്മിനി വിളക്ക് ഉയര്‍ത്തി കണ്ണിനു മേലെ കൈപ്പടം വച്ച് തേമ്പ തുറിച്ചു നോക്കി
 
" ആരാ ആടെ?"
 
"ചോയി ആണേ... കരിയാത്തേട്ടന്‍ ഇല്ലേ ആടെ?" തേമ്പയുടെ ചോദ്യത്തിന് പുഞ്ചവരമ്പില്‍ നിന്നും മറുപടി എത്തി. ചിന്നാടന്‍ ഗുരുക്കളുടെ ശിഷ്യന്‍ ആണ് ചോയി. ഗുരുക്കള്‍ പറഞ്ഞ് വിട്ടതായിരിക്കും.
 
"ഈട ണ്ട്. കേറിപ്പോരെ." തേമ്പ ചോയിയെ നോക്കി പറഞ്ഞു.  തേമ്പയുടെയും ചോയിയുടെയും സ്വരം കേട്ട കരിയാത്തന്‍ അകത്തുനിന്നും ഇറയത്തേക്ക് ഇറങ്ങി. മുറ്റത്തേക്ക് കയറി വരികയാണ് ചോയി. വെളുത്ത പക്ഷം ആണെങ്കിലും ഒരു കരുതലിന് എന്നവണ്ണം കയ്യില്‍ ഒരു കത്തിക്കാത്ത ചൂട്ടും പിടിച്ചിട്ടുണ്ട്. 
 
" ന്താ ചോയീ ഈ നേരത്ത്?" കരിയാത്തന്‍ ചോയിയെ നോക്കി. 
 
" കുരുക്കള് പറഞ്ഞയച്ചതാ. നാളെ പൊലച്ചക്ക് കളരീല് എത്താമ്പറഞ്ഞു " 
 
" ആയ്ക്കോട്ടെ. ഞാന്‍ എത്തിയേക്കാം. നേരം വല്ലാണ്ട് വൈകണേന് മുമ്പ് പൊയ്ക്കോ. അതോ ഈട കെടക്കണാ ഇന്ന്? " ഇരുവാളിക്കാവിന് നേരെ നോക്കിയാണ് കരിയാത്തന്‍ അത് ചോദിച്ചത്.
 
" മാണ്ട. പോണം. കുരുക്കളുടെ രക്ഷ പൊട്ടിക്കാന്‍ മാത്രം ഊരുള്ള മാടനും മറുതേം ഒന്നും ഇന്നാട്ടില് ഇല്ല." ചോയി അരയില്‍ കെട്ടിയിരിക്കുന്ന ചരടില്‍ കോര്‍ത്ത ഏലസ് തൊട്ടുകാണിച്ചു. ശേഷം ചൂട്ടും കക്ഷത്തില്‍ വച്ച് തിരിഞ്ഞു നടന്നു. 
 
പുലര്‍ച്ചെ കരിയാത്തന്‍ കളരിയില്‍ എത്തുമ്പോള്‍ എരുമലച്ചിന്നാടന്‍ ഗുരുക്കള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മൂന്നുതിരിയിട്ടു കത്തിച്ച് വച്ചിരിക്കുന്ന മൂന്ന് നിലവിളക്കുകള്‍ക്ക് നടുവില്‍ ഒട്ടുരുളിയില്‍ നിറച്ച ഗുരുതി.  അരിപ്പൊടിയില്‍ നിറങ്ങള്‍ ചേര്‍ത്ത് ചമച്ച ഭൈരവന്റെ കോലം. 
 
" പോയി കുളിച്ച് ഒറ്റ തോര്‍ത്ത് ഉടുത്ത് ഈറനോടെ വരണം. " കരിയാത്തനെ നോക്കി ഗുരുക്കള്‍ കല്‍പ്പിച്ചു. മുറ്റത്തിന്റെ കോണില്‍ സ്ഥിതി ചെയ്തിരുന്ന കിണറ്റില്‍ നിന്നും പാള കൊണ്ട് കെട്ടിയുണ്ടാക്കിയ കൊട്ട കൊണ്ട് കരിയാത്തന്‍ വെള്ളം കോരി കുളിച്ചു. ശേഷം ഈറനോടെ നിലവിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.
 
ഒട്ടുരുളിയില്‍ നിറച്ച ഗുരുതിയിലേക്ക് ചിന്നാടന്‍ ഗുരുക്കള്‍ ഒരു തളിര്‍വെറ്റില മുകള്‍ഭാഗം നനയാത്ത വിധം വച്ചു. ശേഷം മാറ്റി വച്ചിരുന്ന ഒരു ഡപ്പിയില്‍ നിന്നും ഒരുതരം മഷി വെറ്റിലയില്‍ ഇറ്റിച്ചു. 
 
"കരിംകുട്ടി മുത്തപ്പനെ മനസ്സില്‍ നിരുവിച്ച് നല്ലോണം പ്രാര്‍ഥിച്ചോ." അര്‍ദ്ധ നിമീലിത നേത്രത്തോടെ ഗുരുക്കള്‍ അരുള്‍ ചെയ്തു. കരിയാത്തന്റെ മനസ്സില്‍ മുത്തപ്പന്റെ രൂപം തെളിഞ്ഞു. ഗുരുക്കളുടെ നാവില്‍ നിന്നും ഇടതടവില്ലാതെ ഭൈരവി മന്ത്രം മുഴങ്ങി. പോകെപ്പോകെ ഉരുളിയില്‍ തെക്കുവശം നോക്കി കിടന്നിരുന്ന വെറ്റില പതിയെ കറങ്ങാന്‍ ആരംഭിച്ചു. ആയിരത്തൊന്ന് ഉരു ജപം പൂര്‍ത്തിയാക്കിയ ശേഷം ഗുരുക്കള്‍ വെറ്റിലക്ക് മീതെ കൈപ്പടം വച്ച് പ്രാര്‍ഥിച്ചു. ശേഷം വെറ്റില എടുത്ത് കരിയാത്തന്റെ നേരെ നീട്ടി. 
 
" അന്‍റെ ചെറുമിയേം കുഞ്ഞിനേം ഇല്ലാതാക്കിയോര് ആരാന്ന് നോക്ക്." 
 
വിറയാര്‍ന്ന കൈകളോടെ കരിയാത്തന്‍ ആ വെറ്റില ഏറ്റുവാങ്ങി. ശേഷം അതിലേക്ക് തറച്ചു നോക്കി. കാണെക്കാണെ വെറ്റിലയില്‍ പടര്‍ന്നിരുന്ന മഷിയില്‍ ആള്‍രൂപങ്ങള്‍ തെളിയാന്‍ തുടങ്ങി. ആ മുഖം തിരിച്ചറിഞ്ഞതും കരിയാത്തന്‍ ഒരു നിലവിളിയോടെ വെറ്റില വലിച്ചെറിഞ്ഞു. 
 
പിന്നിലെ ചുമരില്‍ കുലുങ്ങി വിറച്ചു കൊണ്ടിരുന്ന കരിയാത്തനെ ഗുരുക്കള്‍ സാകൂതം നോക്കി. " അപ്പൊ ഞാന്‍ നിരുവിച്ച ആള് തന്നെ. പായിപ്പാട്ട് രാഘവന്‍!!! ല്ലേ? "
 
കരിയാത്തന്‍ അതെ എന്ന മട്ടില്‍ തലയാട്ടി. 
 
" ഇനി അന്‍റെ സമയമാണ്. രാഘവനെ ഒന്ന് നോവിക്കാന്‍ മാത്രേ അന്നെക്കൊണ്ടു പറ്റൂ. അയിനുള്ള സംഗതികള്‍ ഒക്കെ വേലാണ്ടി കരുതി വച്ചിട്ടുണ്ട്. ഇജ്ജ് നേരെ കുടീലോട്ടു പോണം. അട്ടത്ത് ഒരു പഴേ മരപ്പെട്ടി ഉണ്ട്. അയിന്റെ താക്കോല് ഇറയത്ത്‌ തൂക്കിയിട്ടെക്കുന്ന ഭസ്മത്തട്ടില്‍ കാണും. അതുവച്ച് പെട്ടി തുറക്കണം.. അന്‍റെ ചെറുമിക്കും കുഞ്ഞിനും പറ്റിയതിന്റെ കൊറച്ചെങ്കിലും അനക്ക് തിരിച്ചു കൊടുക്കണ്ടേ?.. അതിനുള്ളതൊക്കെ ആ പെട്ടിയില്‍ ഉണ്ട്. !!"
 
ഗുരുക്കളുടെ വാക്കുകള്‍ കേട്ട കരിയാത്തന്‍ ചീറിക്കൊണ്ട് ചാടി എഴുന്നേറ്റു. 
 
" കൊറച്ചോ? ഓന്റെ കുലം ഞാന്‍ കൊളം തോണ്ടും. ഇരുവാളിക്കാവിലെ കാവോട്ടമ്പ്രാട്ടിയേം രാമന്‍ തണ്ടാരേം കൊണ്ട് പടുവേല ചെയ്യിക്കണ ഓന്റെ സന്തതി പരമ്പരയെ ആ ഇരുവാളിക്കാവില്‍ വച്ച് തന്നെ ഞാന്‍ തീര്‍ക്കും. ന്‍റെ കരിങ്കുട്ടി മുത്തപ്പനാണെ .. ഇത് സത്യം !!!!!!!!!!!"
 
കരിയാത്തന്‍ വലതുകൈ നിലവിളക്കിന്റെ തിരിയിലേക്ക് നീട്ടി. ഉള്ളംകൈ പൊള്ളി കുമളിച്ചിട്ടും അയാള്‍ക്ക്‌ വേദന തോന്നിയില്ല. പുറത്ത് ദിഗന്തം നടുങ്ങുമാറുച്ചത്തില്‍ ഒരു ഇടി മുഴങ്ങി. മുറ്റത്തിന്റെ കോണില്‍ തലയുയര്‍ത്തി നിന്ന കരിവീട്ടിയില്‍ കാറ്റ് പിടിച്ചു. കിഴുക്കാം തൂക്കായി തൂങ്ങിക്കിടന്നിരുന്ന തൂക്കണാം കുരുവിയുടെ കൂട്ടില്‍ നിന്നും രണ്ടു കുരുവികള്‍ വിരിയാറായി നിന്ന രണ്ടു മുട്ടകള്‍ ഉപേക്ഷിച്ച് പ്രാണ ഭയത്തോടെ പറന്നകന്നു. ആ ക്ഷണം കൂട് നിലംപൊത്തി.   നിലത്ത് ചിതറിപ്പോയ മുട്ടയില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത രണ്ടു കുരുവിക്കുഞ്ഞുങ്ങള്‍ ചിറകുകള്‍ അഞ്ചാറ് പ്രാവശ്യം പതിയെ ഇളക്കിയ ശേഷം ചത്തുകിടന്നു. 
 
"കരിയാത്താ.. അന്നെക്കൊണ്ട് ഒറ്റക്ക് കൂട്ടിയാ കൂടൂല. രാഘവന്‍ ഇജ്ജ് വിചാരിക്കണ പോലെ അത്ര നിസാരനല്ല. രാഘവനെ തളക്കാന്‍ ഓന്‍ വരണം. ന്‍റെ രുദ്രന്‍. കൊല്ലിമല രുദ്രന്‍ !!!!" 
 
ആ പേര് കേട്ട മാത്രയില്‍ പ്രകൃതി തന്നെ ഒരുവേള നിശ്ചലമായി. തകര്‍ത്തു പെയ്തിരുന്ന മഴ പെയ്ത്ത് നിര്‍ത്തി ശങ്കിച്ചു നിന്നു. കരിയാത്തന്റെ ഹൃദയത്തില്‍ ഒരു മഞ്ഞുകട്ട എടുത്ത് വച്ചപോലെ അനുഭവപ്പെട്ടു. കൊല്ലിമല രുദ്രന്‍ വരുന്നു എന്നാല്‍ ചാവുനിലം ഒരുങ്ങി എന്നാണ് അര്‍ത്ഥം !!!! ഇരുവാളിക്കാവിനു മീതെ ഇനി ചോര പെയ്യും !!!! 
 
Posted in കഥ on June 02 2020 at 12:11 PM

Comments (8)

No login