കാക്കവിളക്ക് - ഭാഗം 3മഴ പെയ്ത് തണുത്ത് ഈറനുടുത്ത് കിടന്നിരുന്ന പുഞ്ചവരമ്പിലൂടെ കരിയാത്തന്‍ വീട്ടിലേക്ക് നടന്നു. കര്‍ക്കിടകം കഴിഞ്ഞ് മൂന്നുവാരം പിന്നിട്ടെങ്കിലും അതിന്‍റെ ബാക്കിപത്രമെന്നോണം വെള്ളം കുടിച്ച് മദിച്ചു കിടക്കുകയാണ് പുഞ്ചവയല്‍. പാടത്തിന് അപ്പുറം തലയുയര്‍ത്തി നില്‍ക്കുന്ന നാഗമലയുടെ ഉച്ചിയില്‍ നിന്നും നൂലുകണക്കെ ഇറങ്ങിവരുന്ന കോട. ചാരനിറം പൂണ്ട മേഘക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഒരു വെള്ളിനാഗം പുളഞ്ഞിറങ്ങി വരുന്ന പോലെ ആയിരുന്നു അത്.
 
പുഞ്ച കടന്ന് കരിയാത്തന്‍ മുറ്റത്തേക്ക് കയറി. വീടിന്‍റെ വടക്കുകിഴക്ക്‌ ഭാഗത്തായി സ്ഥിതിചെയ്യുന്ന ശീമക്കൊന്നയും കവുങ്ങിന്റെ അലകും കൊണ്ട് മറച്ച രണ്ടാള്‍ മാത്രം ആഴമുള്ള കിണറ്റില്‍ നിന്നും അയാള്‍ തേവുപാത്രത്തില്‍ വെള്ളം മുക്കി തലവഴി ഒഴിച്ചു. അനന്തരം തോളില്‍ ശരീരത്തിന്റെ ഒരു ഭാഗം പോലെ കിടന്നിരുന്ന തോര്‍ത്ത് എടുത്ത് പിഴിഞ്ഞ് തലതുവര്‍ത്തി. 
 
കുളികഴിഞ്ഞ് ഉമ്മറത്തേക്ക് നടക്കുന്ന സമയത്ത് അയാളുടെ കണ്ണുകള്‍ തെക്കുഭാഗത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന കാശിത്തുമ്പയിലേക്കും പുല്‍നാമ്പുകള്‍ വീണ്ടും ജനിച്ചു തുടങ്ങിയ മണ്‍കൂനയിലേക്കും പാഞ്ഞു. മണ്ണുപുതച്ച് ഉറങ്ങുന്ന മുണ്ടിയും കുഞ്ഞും .. അയാളുടെ ഇടനെഞ്ചു പൊട്ടി. തുളുമ്പിയ മിഴികള്‍ പുറംകൈയാല്‍ തൂത്തു കൊണ്ട് അയാള്‍ ഉമ്മറത്തേക്ക് കയറി. 
 
ഓല കൊണ്ട് മേഞ്ഞ പുരയുടെ ഉമ്മറത്തെ കഴുക്കോലില്‍ തൂക്കിയിട്ട ഭസ്മത്തട്ടില്‍ കരിയാത്തന്‍ പരതി. ഭസ്മത്തില്‍ പുതഞ്ഞു കിടന്നിരുന്ന പഞ്ചലോഹം കൊണ്ട് നിര്‍മ്മിച്ച ഒരു താക്കോല്‍ അയാള്‍ കണ്ടെടുത്തു. അതിന്‍റെ പിടിയില്‍ നാവ് പുറത്തേക്ക് നീട്ടി നില്‍ക്കുന്ന ഭൈരവന്റെ രൂപം ഓലക്കീറില്‍ കൂടി അരിച്ചെത്തിയ സൂര്യവെളിച്ചത്തില്‍ തിളങ്ങി. വിറയാര്‍ന്ന കൈകളാല്‍ അയാള്‍ ആ താക്കോലില്‍ തടവി. കോവിലപ്പാറയുടെ ഇടവഴിയില്‍ നാക്ക് തുറിച്ച് ചത്തുകിടന്നിരുന്ന അപ്പന്‍റെ സ്മരണയാല്‍ അയാളുടെ തലച്ചോറില്‍ കൊള്ളിമീനുകള്‍ പാഞ്ഞു. 
 
പൊടിപിടിച്ചു കിടക്കുന്ന തട്ടുമ്പുറം. ചിലന്തിയും കടന്നലുകളും പാര്‍പ്പു തുടങ്ങിയ മച്ചിന്റെ പല ഭാഗങ്ങളിലൂടെയും അയാളുടെ കണ്ണുകള്‍ പാഞ്ഞു. കാലങ്ങളായി പഴയ സാധനങ്ങള്‍ തള്ളുന്ന ആ പഴകിയ ഓര്‍മ്മകള്‍ക്കിടയിലൂടെ ഒരടി നീളവും അരയടി ഉയരവുമുള്ള ഒരു മരപ്പെട്ടി അയാള്‍ കണ്ടെടുത്തു. കരിവീട്ടി കൊണ്ട് നിര്‍മ്മിച്ച ആ പെട്ടിയില്‍ വെള്ളിയും പിച്ചളയും കൊണ്ട് ഒരു നാഗബന്ധനം ചമച്ചിരുന്നു.. അതിനു മേലെ പഞ്ചലോഹത്താല്‍ തീര്‍ത്ത ഒരു വ്യാളി. അതിന്‍റെ വായിലാണ് താക്കോല്‍ ദ്വാരം. 
 
കരിയാത്തന്‍ ആ പെട്ടിയില്‍ ഭക്ത്യാദരപൂര്‍വ്വം തൊട്ടു തൊഴുത ശേഷം അതും കൊണ്ട് ഉമ്മറത്തേക്ക് നടന്നു. പൂജാമുറിയുടെ മുന്നില്‍ ചെമ്പട്ടു വിരിച്ച് അതിന്മേല്‍ പെട്ടി വച്ചു. പുറത്ത് അന്തരീക്ഷം കറുത്ത്‌ ഇരുളാന്‍ തുടങ്ങി. വരിക്ക പ്ലാവിന്‍റെ തടിയില്‍ തലതാഴ്ത്തി ഇരുന്നിരുന്ന ഒരു മൂങ്ങ തെക്കോട്ട്‌ നോക്കി നീട്ടി മൂളി.  
 
വിറയ്ക്കുന്ന കൈകളോടെ കരിയാത്തന്‍ താക്കോല്‍ എടുത്ത് വ്യാളിയുടെ നേരെ നീട്ടി. ആരോ പിടിച്ചു വലിച്ച പോലെ ആ താക്കോല്‍ വ്യാളിയുടെ വായിലേക്ക് പാഞ്ഞു കയറി. താക്കോല്‍ തനിയെ ഇടത്തോട്ടും വലത്തോട്ടും തിരിയാന്‍ തുടങ്ങി. അതിനനുസരിച്ച് പൂട്ടിനകത്തു നിന്നും പല്‍ച്ചക്രങ്ങള്‍ ഉരഞ്ഞു മാറുന്ന സ്വരങ്ങളും കേട്ടു. പെട്ടിക്ക് ചുറ്റും ബന്ധിക്കപ്പെട്ടു കിടന്നിരുന്ന വെള്ളിനാഗങ്ങള്‍ ബന്ധനമുക്തരായി ഇരുവശങ്ങളിലേക്കും ഇഴഞ്ഞു മാറി. "ടിക്ക്" എന്നൊരു ശബ്ദത്തോടെ പെട്ടി തനിയെ തുറന്നു.
 
ആ ക്ഷണം ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരു ഇടി മുഴങ്ങി. ഭുംകാര ശബ്ദത്തോടെ വീശിയടിച്ച കാറ്റില്‍ ഇരുവാളിക്കാവില്‍ തലയുയര്‍ത്തി നിന്ന കരിമ്പനകളില്‍ ഒന്ന് മഹാഗണിയുടെ കടക്കലേക്ക് നടുമുറിഞ്ഞു വീണു. കാവിനകത്തെ കാക്കവിളക്കിലെ കരിന്തിരി പനംകുലയില്‍ നിന്നും തെറിച്ചുപോയ ഒരു പണ്ടങ്ങയുടെ ആഘാതത്താല്‍ കല്ലില്‍ നിന്നും ഇളകി വീണു. ആ മുറിവില്‍ നിന്നും ചോരയുടെ ഒരു ചാല്‍ കാക്കവിളക്കിന് ചുറ്റും പടര്‍ന്നു. മഹാഗണിയില്‍ നിന്നും പിടിവിട്ട് താഴെ വീണ ഒരു വെരുക് ആരോ പിടിച്ച് ഇടിച്ചാലെന്നവണ്ണം കാക്കവിളക്കില്‍ തലതല്ലി പിടഞ്ഞു ചത്തു.
 
കരിയാത്തന്‍ പെട്ടി തുറന്നു. കുന്തിരിക്കത്തിന്റെയും ഭസ്മത്തിന്റെയും കര്‍പ്പൂരത്തിന്റെയും ഒരു സമ്മിശ്ര ഗന്ധം അവിടെ പരന്നു. പുലിത്തോലില്‍ പൊതിഞ്ഞ ഒരു ഗ്രന്ഥം ആണ് ഏറ്റവും മുകളിലായി ഉണ്ടായിരുന്നത്. പുഴുങ്ങിയ മുളയില്‍ നിന്ന് ചീന്തി എടുത്ത പാന്തം കൊണ്ട് കെട്ടിവച്ച ആ പൊതി കൈകളില്‍ എടുത്ത ശേഷം കരിയാത്തന്‍ അരയില്‍ നിന്നും ഊരിയെടുത്ത കഠാര മുന കൊണ്ട് മുളക്കെട്ട് അറുത്തു. ഗ്രന്ഥം പൊതിഞ്ഞിരുന്ന പുലിത്തോല്‍ പതിയെ അഴിച്ചു മാറ്റി. തുകല്‍ കൊണ്ടുള്ള പുറം ചട്ടയില്‍ ചുവന്ന നിറത്തിലുള്ള മഷിക്കൂട്ട് കൊണ്ട് എഴുതിയ ആ ഗ്രന്ഥത്തിന്‍റെ പേര് കരിയാത്തന്റെ ചുണ്ടുകള്‍ ഉരുവിട്ടു

"മായാ മാന്ത്രികന്‍" 
***************************************************************
 
അടുത്തിരുന്ന് ആരോ പിറുപിറുക്കുന്ന ശബ്ദം കേട്ടാണ് കീര്‍ത്തന ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റത്. ഉണരും മുമ്പ് കണ്ടു പൂര്‍ത്തിയാവാതെ പോയ ഏതോ ദുസ്വപ്നത്തിന്റെ പ്രതിഫലനം പോലെ അവളാകെ വിയര്‍പ്പില്‍ കുളിച്ചിരുന്നു. 
 
ശവം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന തരം ഒരു ഗന്ധം മുറിയില്‍ ആകെ നിറഞ്ഞിരിക്കുന്നു..
 
ഇരുളില്‍ ചില അവ്യക്ത രൂപങ്ങള്‍ ചലിക്കുന്നുണ്ട്. മന്ത്രോച്ചാരണം പോലെ ഉള്ള ആ സ്വരം തൊട്ടടുത്തു നിന്നും ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ചീഞ്ഞ ശവത്തിന്റെ ഗന്ധം തന്‍റെ തൊട്ടടുത്തു നിന്നും ആണ് വമിക്കുന്നത്..  ഭയത്താല്‍ അവളുടെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. ഹൃദയം പടഹമടിക്കാന്‍ തുടങ്ങി. അലറിക്കരയാന്‍ വേണ്ടി വാ തുറന്നെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല..!!!
 
മുഖത്തിനടുത്തേക്ക് ദുര്‍ഗന്ധത്തോട് കൂടിയ ഒരു നിശ്വാസം വന്നുവീണതും അവള്‍ അമര്‍ത്തിയ ഒരു നിലവിളിയോടെ പിന്നിലേക്ക്‌ നിരങ്ങി.  മുഖത്തേക്ക് അടിക്കുന്ന ദുര്‍ഗന്ധം തട്ടിയകറ്റാന്‍ വേണ്ടി അവള്‍ പുറംകൈ വീശി. ആ ക്ഷണം അവളുടെ കൈ ചീഞ്ഞളിഞ്ഞ എന്തിലോ ചെന്ന് മുട്ടി. അറപ്പോടെ കീര്‍ത്തന അലറിക്കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു.  ചുമരില്‍ കിതച്ചുകൊണ്ട് നിന്ന അവളുടെ കൈ സ്വിച്ചില്‍ അമര്‍ന്നു. മുറിയിലാകെ വെളിച്ചം പരന്നു ..
 
ശൂന്യം .... !!!!!!!!!!!!!!!!!
 
വായുവില്‍ അലിഞ്ഞു ചേര്‍ന്ന പോലെ ആ സ്വരങ്ങള്‍ മാഞ്ഞുപോയി. മുറിക്കകത്ത് ആകെ ചീഞ്ഞ ശവത്തിന്റെയും ചിതയില്‍ എരിയുന്ന ശരീരത്തിന്‍റെയും ഗന്ധം അലയടിച്ചു.
 
 നീലവിരിയിട്ട ജാലകത്തിന്റെ പാളികള്‍ കാറ്റില്‍ ഇളകിയാടി. മുറിയില്‍ ആരോ ഉണ്ടായിരുന്നു. ആ ശബ്ദശകലങ്ങള്‍ ശരിക്കും കേട്ടതാണ്. തന്‍റെ കൈ എന്തിലോ ചെന്ന് തട്ടിയതാണ്. അവള്‍ കൈയിലേക്ക്‌ നോക്കി.
 
അവളറിയാതെ ഒരു ആര്‍ത്തനാദം അവളില്‍ നിന്നും ഉയര്‍ന്നു. കൈകളില്‍ ചീഞ്ഞളിഞ്ഞ മാംസം പറ്റിപ്പിടിച്ചിരിക്കുന്നു. അതില്‍ നുരച്ചുകുത്തുന്ന പുഴുക്കള്‍ !!!!!!!!!!!!
 
അടുത്ത നിമിഷം ഭൂമിയെ നടുക്കിക്കൊണ്ട് ഒരു ഇടി വെട്ടി. തൊട്ടുപിന്നാലെ അരയാല്‍ വേരുകള്‍ പോലെ ഒരു മിന്നല്‍ ഭൂമിയിലേക്ക് പടര്‍ന്നിറങ്ങി. പുറത്തെ കട്ടപിടിച്ച ഇരുളില്‍ നിന്നും പൊടുന്നനെ ഒരു വെളിച്ചത്തിന്‍റെ കെട്ട് കണ്ണ്തുറന്നു. 
 
ഇരുട്ട് പുതച്ച് നിന്നിരുന്ന ഇരുവാളിക്കാവിന്‍റെ; നട്ടുച്ചയ്ക്ക് പോലും നോട്ടം എത്താത്ത കന്നിമൂലയില്‍ നിന്നിരുന്ന ആ കാക്കവിളക്ക് രാത്രിയുടെ നാലാം യാമത്തില്‍ ആരോ തെളിച്ചു വച്ചപോലെ പെട്ടെന്ന് ഒരു പൊട്ടലോടെ ജ്വലിച്ചുയര്‍ന്നു. അടുത്ത നിമിഷം കാവിലെ കാഴ്ച കണ്ട് അവളുടെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. അമര്‍ത്തിയ ഒരു നിലവിളി പുറത്തു കടക്കാനാവാതെ അവളുടെ തൊണ്ടയില്‍ കുരുങ്ങി. 

കാക്ക വിളക്കിലെ അഗ്നി ജ്വാലയില്‍ നിന്നും ഒരു രൂപം ഉയര്‍ന്നു വന്നു. തൊട്ടടുത്ത് നിന്ന് കാണുന്നത് പോലെ കീര്‍ത്തന ആ മുഖം കണ്ടു. ചുക്കിച്ചുളിഞ്ഞ്‌ ചോരയും ചലവും ഒലിക്കുന്ന ഒരു പടുകിഴവി!!!! ആ സ്ത്രീയുടെ വെള്ളി പോലെ നരച്ച മുടിയിഴകളില്‍ നിന്നും കരിനാഗങ്ങള്‍ പുളഞ്ഞിറങ്ങി വന്നു. ചുണ്ടിലേക്ക് ഇഴഞ്ഞു വന്ന ഒരു കരിനാഗത്തിന്റെ തല ആ സ്ത്രീ കടിച്ചു മുറിച്ചു. തലയറ്റ ആ കബന്ധം കാവിലെ ഈറ്റയില്‍ വീണ് തുള്ളിപ്പിടഞ്ഞു. കടവായിലൂടെ ഒലിക്കുന്ന രക്തത്തോടെ ആ സ്ത്രീ കീര്‍ത്തനയെ ക്രുദ്ധിച്ചു നോക്കി പല്ലിളിച്ചു. അവരുടെ തേറ്റപ്പല്ലുകള്‍ ദീപപ്രഭയില്‍ വെട്ടിത്തിളങ്ങി.

" യൌവനം തികഞ്ഞ പെണ്ണൊരുത്തി കാക്ക വിളക്ക് കണ്ടാല്‍ അവള് പിന്നെ കാവോട്ടമ്പ്രാട്ടിക്ക് ഉള്ളതാ ... ഇന്നേക്ക് മൂന്നാം പക്കം നീ ഈ വിളക്കിലെ നാളമാവും.... !!!" ആ സ്ത്രീ കാറ്റൂതുന്ന സ്വരത്തില്‍ കീര്‍ത്തനയുടെ ചെവിയില്‍ മന്ത്രിച്ചു. ഒരു അലര്‍ച്ചയോടെ കീര്‍ത്തന പുറംതിരിഞ്ഞ് പതറി ഓടി. ചുവരില്‍ ഇടിച്ചു നിലത്തു വീണ അവളുടെ ദേഹത്തേക്ക് ആരോ എറിഞ്ഞ പോലെ ലോഹക്കൂട്ടുകളാല്‍ നിര്‍മ്മിതമായ ഒരു കണ്ണാടി വന്നു പതിച്ചു. പടഹമടിക്കുന്ന ഹൃദയത്തോടെ അവള്‍ ആ കണ്ണാടി എടുത്ത് മുഖം നോക്കി. 

കണ്ണാടിയില്‍ തെളിഞ്ഞ രൂപത്തിന് കാവില്‍ കണ്ട സ്ത്രീരൂപത്തിന്റെ അതെ രൂപം !!! അതേ ഭാവം !!! 

പതിനേഴാം വയസില്‍ അകാല വാര്‍ധക്യം ബാധിച്ച ആ പെണ്‍കൊടി കണ്ണില്‍ നിന്ന് രക്തം ചിന്തി തറയില്‍ മരവിച്ചു കിടന്നു!!
Posted in കഥ on June 03 2020 at 03:24 PM

Comments (5)

No login