ഒരു കുഞ്ഞുവീടോർമ്മ

വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ കണ്ടതാണീ കാഴ്ച്ച. കാട്ടിനുള്ളിലെ വഴിയരികിൽ കുട്ടികൾ ഉണ്ടാക്കിയത്.... ഇവിടെ, സ്‌കൂൾ അടച്ചു, വെക്കേഷൻ തുടങ്ങി... വഴിയിലെല്ലാം സൈക്കിളോടിക്കുന്ന കുട്ടികൾ... അവിടവിടെയായി പന്തു കളിക്കുന്ന, ബാറ്റ്മിന്റൺ കളിക്കുന്ന കുട്ടികൾ... വെക്കേഷൻ ആഘോഷങ്ങൾ... 

 

450_d82393d02403cdbfc76b1f822d59c1fa.jpg


ഓർമ്മകളുടെ അങ്ങേയറ്റത്ത്, വീടുകെട്ടി കളിക്കുന്ന കുറെ കുട്ടികൾ...  ഓലയും അമ്മയുടെ സാരിയുമൊക്കെ വീടുപണിക്കായി വേണം. സാരി സംഘടിപ്പിക്കാൻ അയൽവക്കത്തെ മുതിർന്ന ചേച്ചിമാർ എന്നെയേല്പിക്കും. അല്ലെങ്കിൽ കളിക്കാൻ കൂട്ടില്ലെന്ന ഭീഷണിയുണ്ടാവും. അതിനാൽ, കരച്ചിൽ, നിലത്തു കിടന്നുരുളൽ തുടങ്ങി സകല അടവും പ്രയോഗിക്കും. അമ്മ എന്തെങ്കിലും തിടുക്കപ്പെട്ടു ചെയ്യുകയാണെങ്കിൽ ഉടനെ കിട്ടുകയില്ല. അപ്പോഴാണീ അടവുകളൊക്കെ... അമ്മയാകട്ടെ, അതൊന്നും മൈൻഡ് ചെയ്യുകയുമില്ല. നന്ദിനി എടുത്തു തരാമെന്നു പറഞ്ഞാൽ സമ്മതിക്കുകയുമില്ല. അമ്മയാണെങ്കിലേ ആ സാരി... ഈ സാരി... എന്നൊക്കെ അമ്മയുടെ നല്ല നല്ല സാരികൾ ചൂണ്ടിക്കാണിക്കാൻ പറ്റൂ... അതൊന്നും കിട്ടില്ലെങ്കിലും മനസ്സില്ലാമനസ്സോടെ അമ്മ തരുന്നതും വാങ്ങി ചേച്ചിമാരുടെ അടുത്തേക്കു ഓടിപ്പോകും. അമ്മ, എപ്പോഴും അങ്ങനെ ചില സാരികൾ കുട്ടികൾക്കു കളിക്കാനായി മാറ്റി വെച്ചേക്കും.  അവധിക്കാലം തുടങ്ങുന്ന ആദ്യ ദിവസങ്ങൾ, മരടിലെ കളിക്കൂട്ടുകാരോടൊപ്പം ഉണ്ടാക്കുന്നതാണീ സാരിയും ഓലക്കഷണങ്ങളും കൊണ്ടുള്ള വീട്... !

 

ഈസ്റ്റർ കഴിഞ്ഞാൽപ്പിന്നെ പാലാരിവട്ടത്തെ അമ്മയുടെ വീട്ടിലേക്കു പോവുകയായി. മരടിലെപ്പോലെയല്ല അവിടെ... ഒരുപാടു വലിയ പറമ്പിനു നടുവിലാണ് വീട്. പറമ്പിൽ പലയിടത്തായി പല ആവശ്യങ്ങൾക്കുള്ള കുളങ്ങളുണ്ട്.... വീടിനു പിൻഭാഗത്തു മരങ്ങൾ തിങ്ങി നിറഞ്ഞു കാടുപോലെയാണ്...  അതിനുള്ളിലും കുളമുണ്ട്. കുളിക്കാനുള്ള കുളം. തണുത്ത വെള്ളം... മരങ്ങൾക്കിടയിൽ കളിക്കാനുള്ള ധാരാളം സ്ഥലം. വലിയമ്മമാരുടെയും അമ്മാവന്മാരുടെയും മക്കൾ... അമ്മയുടെ കസിൻസിൻറെ മക്കൾ... അങ്ങനെ ഒരുപാടു കുട്ടികൾ കളിക്കാനുണ്ടാകും. 

 

അവിടെ, വീടുകെട്ടി കളിക്കാൻ സാരിയൊന്നും വേണ്ടിവരാറില്ല. പത്തലുകളും മെടഞ്ഞ ഓലയുമൊക്കെ വെച്ചുണ്ടാക്കുന്ന നല്ല സുന്ദരൻ വീടാണ് ചേട്ടന്മാരും ചേച്ചിമാരും കൂടിയുണ്ടാക്കുക....  കഞ്ഞീം കൂട്ടാനും വെക്കാനും ആരോടും ചോദിക്കേണ്ട. പറമ്പിൽ നിന്നു തന്നെ ചീരയും മാങ്ങയും ഒക്കെ പറിച്ചുണ്ടാക്കും. ചേമ്പിലയിൽ വിളമ്പും. മണ്ണിലിരുന്നു കഴിക്കും. .... 

 

എല്ലാം ഓർമ്മകൾ മാത്രമായി... ഭാഗംവെപ്പിൽ വലിയ പറമ്പ്, കഷണങ്ങളായി... അതിൽ പലപല വീടുകളായി...  പണ്ടു, കുഞ്ഞിവീടു കെട്ടിയതു പോലെ... 

 

Posted in ഓർമ്മക്കുറിപ്പ് on July 11 2020 at 05:43 AM

Comments (4)

No login