About Koottam

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ (സോഷ്യൽ മീഡിയ) തുറന്നിട്ടത് മനുഷ്യസ്വാതന്ത്ര്യത്തിന്റെ വലിയ വാതിലുകൾ കൂടിയാണ് പത്രാധിപരും കത്രികയും ഇല്ലാതെ, എഴുതാൻ ഉള്ള അവകാശം. ജീവിതചൂടിന്റെ വേഗ യാത്രയിലെവിടെയോ പോയ പഴയ ബന്ധത്തിന്റെ സ്നേഹനൂലുകൾ ,പൊട്ടിപ്പോയ കുടുംബ വേരുകൾ , ഒരു മരച്ചുവട്ടിൽ നിന്ന് എങ്ങോട്ടോ ഇറങ്ങിപ്പോയ ക്യാമ്പസ് ബന്ധങ്ങൾ, ഇടയ്ക്കെപ്പോഴോ മുറിഞ്ഞുപോയ സാരംഗിയുടെ തുടർച്ച പോലെ ദുർബലമായ സ്നേഹ സംഗീതം. ഒക്കെ തിരിച്ചുപിടിക്കാൻ സോഷ്യൽമീഡിയ അവസരമൊരുക്കി.

ചിതറിപ്പോയ മലയാളിയുടെ ജീവിതത്തിലേക്ക് 2007 അവസാനം ആണ് കൂട്ടം ഡോട്ട് കോം എത്തുന്നത്. കരുനാഗപ്പള്ളിക്കാരായ രണ്ടു കൂട്ടുകാർ അവരുടെ സ്കൂൾ ഓർമയിൽ സൃഷ്ടിച്ചെടുത്ത ഒരു ലോകം, അവരുടെ സുഹൃത്തുക്കളിലേക്ക് ആ സുഹൃത്തുക്കളുടെ സുഹൃത്തുക്കളിലേക്ക് ...അങ്ങനെ ലോകം മുഴുവനുമുള്ള മലയാളി കൗതുകങ്ങളിലേക്കു പടർന്നു കയറിയ ചങ്ങാത്തത്തിന്റെ രസന.

വെറും സുഖവിവരപകർച്ചക്കപ്പുറം എഴുത്തിന്റെയും വായനയുടെയും ധിഷണയുടെയും
സർഗാത്മകതയുടെയും ഒരു ആരാമം പോലെ, ബഹുസ്വരതയുടെ ഒരു ചങ്ങാത്ത കൂട്ടം.

ഫേസ്ബുക്കും അതുപോലെ ഇന്ന് വളർന്നു പന്തലിച്ച നിരവധി കൂട്ടായ്മകളും രൂപപ്പെടുന്നതിനു മുന്നേ ആണ് കൂട്ടം എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്.

ആത്മ ബന്ധത്തിൻറെ ശാദ്വല ഭാവങ്ങളുടെ അടരുകൾ നിറഞ്ഞ സ്നേഹ ജീവിതം. കാത്തിരിക്കപ്പെട്ട പോലെ കൂട്ടിയോജിപ്പിക്കപ്പെട്ട കണ്ണികൾ . അറിവിന്റെ അനന്തമായ അന്വേഷണങ്ങൾ . മാനവികതയുടെ പുതിയ ശീലുകൾ.
പച്ച സ്നേഹത്തിൻറെ പൊള്ളയല്ലാത്ത വിനിമയങ്ങൾ. ഇഷ്ടക്കൂടുതലിന്റെ കലഹങ്ങൾ. ഒരു കൂട്ടം അംഗമെന്നാൽ ഒത്തിരി പേരുടെ പ്രിയം ആയി മാറിയ കാലം. കൂട്ടായ്മയുടെ, കാഴ്ചയുടെ സുഗന്ധങ്ങൾ യാത്രകളുടെ ആഘോഷങ്ങൾ, മറ്റു മനുഷ്യരെ സഹായിക്കാനുള്ള ഉജ്ജ്വല ശ്രമങ്ങൾ. മലയാളത്തിലെ സമാനതകളില്ലാത്ത ഒരു പൊതുബന്ധുലോകം കെട്ടിപ്പൊക്കിയ വരാണ് കൂട്ടം കൂട്ടുകാർ.

വേറെ ഏതൊക്കെ ഇടങ്ങൾ, സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ കൊണ്ട്, നിർമിത ബുദ്ധി കൊണ്ട് നിർമിച്ച, പിഴവുകൾ ഇല്ലാത്ത, വലിയ ആരവങ്ങൾ ഉയർത്തുന്ന ലോകജനതയുടെ അഞ്ചിലൊന്ന് ആശയവിനിമയം നടത്തുന്ന ചങ്ങാത്ത നെറ്റ്‌വർക്കുകൾ കൊണ്ട് സമ്പന്നമാണ് ഇന്ന് ലോകം

എന്നിട്ടും കൂട്ടം വീണ്ടും വരുന്നു, റീ-ലോഞ്ച് ചെയ്യുന്നു. എന്തിന് ? പുതിയ ലോകത്തു അതിന്റെ സ്പേസ് എന്താണ്? അതിൻറെ ആവശ്യം എന്താണ് ?

ഈ ചോദ്യങ്ങൾക്ക് വേണ്ടിയുള്ള ഒറ്റ ഉത്തരം കൂട്ടം നിർമ്മിച്ചത് പണം കൊണ്ടല്ല സ്നേഹം കൊണ്ടാണ്. നിർമിത ബുദ്ധികൾ കൊണ്ടല്ല ഹൃദയബന്ധങ്ങൾ കൊണ്ടാണ് സാങ്കേതിക ആഡംബരങ്ങൾ കൊണ്ടല്ല നനവുള്ള ഇഷ്ടങ്ങളുടെ അലകും പിടിയും കൊണ്ടാണ് . കൂട്ടം തുടർന്നു നടത്താൻ പോകുന്നത് കൂട്ടത്തിൽ ആദ്യം മുതൽ നിന്ന കൂട്ടുകാരാണ് .

കൂട്ടം തിരിച്ചു വരുന്നു . ഉറവ വറ്റാത്ത മലയാളി ജീവിച്ചിരിക്കുന്ന ഇടത്തിലേക്ക്. പുതിയകാലത്ത് ശരീരംകൊണ്ട് അകന്നു മനസ്സുകൊണ്ട് അടുത്ത് കൂട്ടം വരവായി മെയ് 15 ന്. 

എന്നും പ്രിയത്തോടെ
അഡ്മിൻ ടീം www.koottam.com